ന്യൂഡൽഹി:വിവിധ ഇന്ത്യൻ ഭാഷകളിൽ സൗജന്യ ഓൺലൈൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) നൈപുണ്യ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം. 'എഐ ഫോർ ഇന്ത്യ 2.0' (AI for India 2.0) എന്ന പദ്ധതി ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ, നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാനാണ് അവതരിപ്പിച്ചത്. സ്‌കിൽ ഇന്ത്യയുടെയും ജിയുവിഐയുടെയും (GUVI) സംയുക്ത സംരംഭമാണ് പദ്ധതി.
എൻസിവിഇടി ഐഐടി മദ്രാസ് എന്നിവിടുങ്ങളിലെ ഈ അംഗീകൃത ഓൺലൈൻ പരിശീലന പദ്ധതി യുവാക്കളുടെ കഴിവുകളെ മുൻനിരയിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ഐഐടി മദ്രാസ് ഇൻകുബേറ്റഡ് സ്റ്റാർട്ടപ്പായ ജിയുവിഐ, പ്രാദേശിക ഭാഷകളിൽ സാങ്കേതിക പഠനം സാധ്യമാക്കുന്ന ഒരു ടെക് പ്ലാറ്റ്‌ഫോമാണ്. ഈ പ്രോഗ്രാം 9 ഇന്ത്യൻ ഭാഷകളിൽ സജ്ജമാക്കിയിട്ടുണ്ട്.
സാങ്കേതികവിദ്യ ഭാഷയുടെ തടവറയാകരുതെന്നും ഇന്ത്യൻ ഭാഷകളിൽ ടെക് കോഴ്‌സുകൾ വേണമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് സാങ്കേതിക വിദ്യാഭ്യാസത്തിലെ ഭാഷ തടസം ഇല്ലാതാക്കുന്നതിനും നമ്മുടെ യുവശക്തിയുടെ ഭാവി തെളിയിക്കുന്നതിനുമുള്ള നല്ല തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു സാങ്കേതിക വിദ്യയുള്ള രാജ്യമാണെന്നും ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകളിലെ വിജയഗാഥ ഇതിന് ഒരു ഉദാഹരണമാണെന്നും മന്ത്രി വ്യക്‌തമാക്കി. അത്യാധുനിക സാങ്കേതിക വിദ്യകളിൽ താഴേക്കിടയിലുള്ള ജനങ്ങളെ വരെ ബോധവത്കരിക്കുന്നതിന് ജിയുവിഐ നടപ്പിലാക്കുന്ന പദ്ധതികളിലും ധർമേന്ദ്ര പ്രധാൻ സംതൃപ്‌തി പ്രകടിപ്പിച്ചു.
സാങ്കേതികവിദ്യാരംഗത്ത് പുതിയ പദ്ധതികൾക്ക് പിന്തുണ നൽകുന്നതിന്‍റെ ഭാഗമായി ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി മേക്ക് ഐഐ ഫോർ ഇന്ത്യ, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ എന്നീ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.