ന്യൂഡല്‍ഹി : സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും രാജ്യത്തിന്‍റെ വളർച്ചയ്ക്ക് പ്രധാനമാണെന്നും ഈ ക്ഷേമ പദ്ധതികളെ സൗജന്യങ്ങളെന്ന് വിളിക്കാനാകില്ലെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഇവ രണ്ടും ലഭ്യമാക്കിയാൽ രാജ്യത്തെ ദാരിദ്ര്യം ഒരു തലമുറയോടെ ഇല്ലാതാക്കാൻ കഴിയുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് കുരുന്നുകള്‍ പങ്കെടുത്ത സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
അധികാരത്തിനായി ആം ആദ്‌മി പാര്‍ട്ടി സൗജന്യങ്ങള്‍ നല്‍കുകയാണെന്ന് ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് കെജ്‌രിവാളിന്‍റെ പ്രതികരണം. കഴിഞ്ഞ മാസം യുപിയിലെ ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്‌ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടുന്നതിനായി സൗജന്യങ്ങൾ നൽകുന്ന 'രേവഡി' സംസ്‌കാരം രാജ്യത്തിന്‍റെ വികസനത്തിന് അപകടകരമാണെന്ന് ആരോപിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളിന്‍റെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിമര്‍ശനം.
പാവപ്പെട്ടവർക്ക് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നൽകിയത് തെറ്റാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവുമാണ് ഒരു രാജ്യം സമ്പന്നമാകാൻ പ്രധാനം. പൗരന്മാർക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഏർപ്പെടുത്തിയതിനാലാണ് യുഎസ്, കാനഡ, ജർമനി, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ സമ്പന്നമായതെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.