ന്യൂഡല്‍ഹി :18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം ആഘോഷിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രിയുടെ പ്രഖ്യാപനം. ജൂലൈ 15 മുതൽ വരുന്ന 75 ദിവസത്തേക്കാണ് സൗജന്യ വിതരണം.
18 വയസ് മുതലുള്ള എല്ലാവർക്കും സൗജന്യ ബൂസ്റ്റര്‍ ഡോസ് ; വിതരണം വെള്ളിയാഴ്‌ച മുതല്‍
സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍, 75 ദിവസത്തേക്കാണ് സൗജന്യമായി ബൂസ്‌റ്റര്‍ ഡോസ് വിതരണം
ഇതുവരെ, 18-59 പ്രായത്തിലുള്ള 77 കോടി ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ബൂസ്‌റ്റര്‍ നൽകിയത്. വാക്‌സിന്‍ വിതരണത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര തീരുമാനം. രാജ്യത്തെ ജനസംഖ്യയിൽ ഭൂരിഭാഗം പേരും ഒന്‍പത് മാസങ്ങൾക്ക് മുന്‍പാണ് രണ്ടാം ഡോസ് എടുത്തത്. ഐ.സി.എം.ആറും (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) മറ്റ് അന്താരാഷ്‌ട്ര ഗവേഷണ കേന്ദ്രങ്ങളും നടത്തിയ നിര്‍ദേശപ്രകാരം ആദ്യ വാക്‌സിനേഷനുകള്‍ കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ആന്‍റിബോഡിയുടെ അളവ് കുറയുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബൂസ്റ്റർ നൽകുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാം ഡോസിനുശേഷം കൊവിഡ് പ്രതിരോധ ബൂസ്റ്റര്‍ എടുക്കാനുള്ള സമയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ കുറച്ചിരുന്നു. ആറുമാസം, അല്ലെങ്കില്‍ 26 ആഴ്‌ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നാണ് പുതിയ നിര്‍ദേശം. നേരത്തേ ഇത് ഒമ്പതുമാസം ആയിരുന്നു.
TAGGED:
സൗജന്യ ബൂസ്റ്റര്‍ ഡോസ്