ഷിംല :ഹിമാചലില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് ചമ്പ സ്വദേശിയില്‍ നിന്ന് 72 ലക്ഷം രൂപ തട്ടിയെടുത്തതാണ് ഒടുവില്‍ രജിസ്റ്റര്‍ ചെയ്‌ത കേസ്. വഞ്ചിക്കപ്പെട്ട ഇയാള്‍ക്ക് തന്‍റെ മുഴുവന്‍ സമ്പാദ്യമാണ് നഷ്‌ടമായത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പണത്തോടുള്ള അത്യാഗ്രഹമാണ് ചിലരെ ഇത്തരം കെണിയില്‍ ചാടിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
2.5 കോടി ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് : ചമ്പ ജില്ലയിലെ കര്‍ഷകന്‍ ചങ്കറാം ആണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ വര്‍ഷം 2.5 കോടി രൂപയുടെ ലോട്ടറി അടിച്ചു എന്ന് ചങ്കറാമിന് സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ ലോട്ടറിയുടെ വിവരങ്ങള്‍ അറിയിച്ചു കൊണ്ട് ഫോണ്‍ കോളും എത്തി. രണ്ടര കോടി ലഭിക്കണമെങ്കില്‍ കുറച്ച് തുക ആദ്യം ബാങ്കില്‍ നിക്ഷേപിക്കണം എന്ന് തട്ടിപ്പുകാര്‍ ചങ്കറാമിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. പണം നിക്ഷേപിക്കേണ്ട അക്കൗണ്ടിന്‍റെ വിവരങ്ങളും ഇവര്‍ ചങ്കറാമിന് കൈമാറി.
പണം നിക്ഷേപിച്ചത് 200ലധികം തവണ:ലോട്ടറി അടിച്ച തുകയ്‌ക്ക് പകരമായി പലകാര്യങ്ങള്‍ പറഞ്ഞ് തട്ടിപ്പുകാര്‍ തന്നോട് പണം ആവശ്യപ്പെട്ടതായി ചങ്കറാം പരാതിയില്‍ പറയുന്നു. 2.5 കോടി ലഭിക്കാനായി ഇയാള്‍ 200ലധികം തവണയാണ് മോഷ്‌ടാക്കള്‍ പറഞ്ഞ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. മിക്കപ്പോഴും ബാങ്കില്‍ പോയാണ് ചങ്കറാം പണം നിക്ഷേപിച്ചത്. ഇടയ്‌ക്ക് ഗൂഗിള്‍ പേ വഴിയും പണം അയച്ചു. തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് മൂന്ന് മാസത്തോളം പണം അയച്ചിരുന്നതായി പരാതിക്കാരന്‍ വ്യക്തമാക്കി.