ന്യൂഡൽഹി:റഫാൽ യുദ്ധവിമാന ഇടപാടിൽ ബിജെപിയും കോൺഗ്രസ് വീണ്ടും നേർക്കുനേർ. ഇന്ത്യയുമായുള്ള റഫാൽ യുദ്ധവിമാന ഇടപാടിൽ ഫ്രാൻസ് ഞായറാഴ്ച അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വീണ്ടും തർക്കം രൂക്ഷമായത്. 59,000 കോടി രൂപയുടെ റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതി, പക്ഷപാതം എന്നിവയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നൽകാൻ പ്രത്യേക ജഡ്ജിയെ നിയമിച്ചതായി ഫ്രഞ്ച് അന്വേഷണ വെബ്‌സൈറ്റായ മീഡിയപാർട്ട് പറയുന്നു.
2016ലാണ് ഇന്ത്യയും ഫ്രാൻസും കരാറിൽ ഒപ്പുവെയ്ക്കുന്നത്. യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ അഴിമതി ആരോപിച്ച കോൺഗ്രസ് സംയുക്ത പാർലമെന്‍ററി സമിതിയുടെ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇടപാടിനെക്കുറിച്ച് ശരിയായ അന്വേഷണം മാത്രമാണ് സത്യം കണ്ടെത്താനുള്ള ഏക വഴിയെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഇടപാടിനെക്കുറിച്ച് വ്യക്തത നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.