കൊൽക്കത്ത : 16 വയസുകാരന്‍റെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കൊൽക്കത്തയിലെ മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ (Medica Superspecialty Hospital). ഒഡിഷയിൽ വാഹനാപകടത്തെത്തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ചയാളുടെ ശ്വാസകോശമാണ് കൊൽക്കത്ത സ്വദേശിയായ സ്വപ്‌നിൽ ബിശ്വാസ് എന്ന പത്താം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലേക്ക് വിജയകരമായി മാറ്റി വച്ചത്.
സ്വപ്‌നിൽ ബിശ്വാസ് പൂർണ്ണമായും ആരോഗ്യവാനാണെന്നും അപകടനില തരണം ചെയ്‌തതായും ഡോക്‌ടർമാർ അറിയിച്ചു. നേരത്തെ ഇതേ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കകം രോഗി മരിച്ചിരുന്നു. അതിനാൽ തന്നെ ഏറെ സങ്കീർണമായ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന്‍റെ സന്തോഷത്തിലാണ് തങ്ങളെന്നും ഡോക്‌ടർമാർ അറിയിച്ചു.
വില്ലനായത് കീടനാശിനി : നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസത്ത് പ്രദേശത്ത് താമസിക്കുന്ന സ്വപ്‌നിൽ ബിശ്വാസിനെ കീടനാശിനി കഴിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം. ശീതളപാനീയ കുപ്പിയിൽ സൂക്ഷിച്ചിരുന്ന കീടനാശിനി അബദ്ധത്തിൽ സ്വപ്‌നിൽ കുടിക്കുകയായിരുന്നു. പാരാക്വാട്ട് ഡിക്ലോറൈഡ് (Paraquat Dichloride) എന്ന കീടനാശിനിയായിരുന്നു വിദ്യാർഥി കുടിച്ചത്.
തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വപ്‌നിലിനെ അന്ന് തന്നെ ബരാസത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ ആരോഗ്യ നില വഷളായതോടെ സ്വപ്‌നിലിനെ ഇഎം ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ദിവസങ്ങൾ കഴിയും തോറും സ്വപ്‌നിലിന്‍റെ ആരോഗ്യ നില കൂടുതൽ ഗുരുതരമായി മാറുകയായിരുന്നു.
സ്വപ്‌നിലിന്‍റെ ശ്വാസ കോശത്തിലായിരുന്നു കീടനാശിനി പ്രധാനമായും ബാധിച്ചത്. പതിയെ ശ്വാസകോശം പൂർണമായും പ്രവർത്തന രഹിതമാകുന്ന നിലയിലേക്ക് പോവുകയായിരുന്നു. സംഭവത്തിന് ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് ഇയാളെ മെഡിക്ക ഹോസ്‌പിറ്റലിൽ എത്തിച്ചത്. ജീവൻ തിരിച്ച് പിടിക്കുന്നതിനായി ശ്വാസകോശം മാറ്റി വയ്‌ക്കൽ മാത്രമായിരുന്നു ഏക പോംവഴി.