പുല്‍വാമ: രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് നാല് വര്‍ഷം. 2019ല്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാരുടെ പരമോന്നത ത്യാഗത്തെ അനുസ്‌മരിക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക പരിപാടി ആസൂത്രണം ചെയ്‌ത് സിആര്‍പിഎഫ്. വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായി പ്രത്യേക രക്തദാന ക്യാമ്പും സിആര്‍പിഎഫ് സംഘടിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
നാല് വര്‍ഷം മുമ്പ് ആക്രമണം നടന്ന തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയിലെ ലെത്‌പോറ പ്രദേശത്ത് സംഘടിപ്പിക്കുന്ന ചടങ്ങിലെ മുഖ്യാതിഥിയായി എത്തുന്നത് സിആര്‍പിഎഫ് ഐജിയാണ്. അക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് സിആര്‍പിഎഫ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഒരിക്കലും മറക്കാനാവുന്ന സംഭവമല്ല ഇതെന്ന് സിആര്‍പിഎഫ് വക്താവ് പ്രതികരിച്ചു.
ധീര ജവാന്മാര്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് നേതാക്കള്‍: 'ഞങ്ങള്‍ ഒരിക്കലും മാപ്പ് നല്‍കില്ല, ഒരിക്കലും മറക്കാനും സാധിക്കില്ല. 2019 ഫെബ്രുവരി 14ന് പരമോന്നത ത്യാഗം ചെയ്‌ത ധീരയോദ്ധാക്കള്‍ക്ക് സല്യൂട്ട് നല്‍കുകയാണ്. അവരുടെ കുടുംബങ്ങളോട് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നു'- സിആര്‍പിഎഫ് വക്താവ് പ്രസ്‌താവനയില്‍ പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര ജവാന്മാര്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ ഇന്നേ ദിവസത്തില്‍ ഓര്‍മിക്കുകയാണ്. അവരുടെ ത്യാഗം ഒരിക്കലും മറക്കാനാവുന്നതല്ല. അവരുടെ ധൈര്യമാണ് ശക്തമായ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ നമ്മുക്ക് പ്രചോദനം'- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നരേന്ദ്ര മോദിയ്‌ക്ക് പുറമെ കേന്ദ്രമന്ത്രി അമിത് ഷായും സൈനികര്‍ക്ക് അദരാജ്ഞലികള്‍ അര്‍പ്പിച്ചു. '2019ല്‍ ഇന്നേ ദിവസം ദാരുണമായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരെ അനുസ്‌മരിക്കുകയാണ്. അവരുടെ ത്യാഗം രാജ്യത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല. അവരുടെ വീര്യവും മനോധൈര്യവുമാണ് ഭീകരവാദത്തിനെതിരെ പൊരുതാന്‍ നമ്മെ പ്രാപ്‌തരാക്കുന്നത്'- അമിത് ഷാ ട്വീറ്റിലൂടെ വ്യക്തമാക്കി.
ബിജെപി നേതാക്കള്‍ക്ക് പുറമെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ജവാന്മാരെ അനുസ്‌മരിച്ചു. 'പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഹൃദയം നിറഞ്ഞ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. അവരുടെ പരമോന്നത ത്യാഗത്തെ ഇന്ത്യ ഒരിക്കലും മറക്കില്ല'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
2019 ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ചാരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണം നടത്തിയത്. 40 ജവാന്മാര്‍ വീരമൃത്യു വരിക്കാന്‍ ഇടയായ സംഭവം സുരക്ഷ സേനയ്‌ക്ക് നേരെ ഇതുവരെ നടന്നതില്‍ പ്രധാന ആക്രമണങ്ങളിലൊന്നാണ്.
ആക്രമണത്തിന് ഇടയാക്കിയ സംഭവം: 2017ലും 2018ലും പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ തന്‍റെ അനന്തരവന്മാരെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാന്‍ ജെയ്‌ഷെ മുഹമ്മദ് നേതാവ്, മസൂദ് അസര്‍ ജെയ്‌ഷെ മുഹമ്മദിന്‍റെ കമാന്‍ഡര്‍, ഖാസി അബ്‌ദുള്‍ റഷീദിനെ കശ്‌മീരിലേയ്‌ക്ക് അയച്ചു. മസൂദ് അസ്‌ഹറിന്‍റെ മരുമകനും ജെയ്‌ഷയുടെ സ്‌നൈപ്പറുമായിരുന്ന ഉസ്‌മാനെ പുല്‍വാമയില്‍ വച്ച് സുരക്ഷ സേന കൊലപ്പെടുത്തി. ഇതിന്‍റെ പ്രതികാരമായാണ് ഭീകരാക്രമണം നടത്തിയത്.
പുല്‍വാമ ഭീകരാക്രമണം നടന്ന് 12-ാം ദിനം ബാലക്കോട്ടിലൂടെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു. പാകിസ്ഥാനിലെ ബാലക്കോട്ടിലെ ഭീകര പരിശീലന കേന്ദ്രം മിന്നലാക്രമണത്തില്‍ ഇന്ത്യ തകര്‍ത്തു. പുല്‍വാമ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനായിരുന്ന ജയ്‌ഷെ മുഹമ്മദിനെ പിന്നീടുണ്ടായ ഏറ്റമുട്ടലില്‍ ഇന്ത്യന്‍ സൈന്യം വധിച്ചു.