ജയ്‌പൂർ: നോട്ടു നിരോധനം പ്രഖ്യാപിച്ച് നാലുവർഷം പിന്നിടുമ്പോൾ എന്ത് മാറ്റമുണ്ടായിയെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ജനങ്ങളോട് പറയണമെന്നും അതിന്‍റെ റിപ്പോർട്ടുകൾ കാണിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്. തെറ്റുകൾ വരുത്തിയാൽ അവ പരിഹരിക്കണമെന്നും ചരക്ക് സേവന നികുതിയിലും കൊവിഡ് വ്യാപനത്തിനിടെ സ്വീകരിച്ച നടപടികളിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ കേന്ദ്രം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്‍റെ നാലാം വാർഷികത്തിൽ ഒരു വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനത്തിന്‍റെ നാലു വർഷം; ഫാസിസ്റ്റ് ചിന്താഗതി അപകടമെന്ന് അശോക് ഗലോട്ട് - farm laws
പ്രധാനപ്പെട്ട പല തീരുമാനങ്ങൾ എടുക്കുമ്പോഴും കേന്ദ്രം ബന്ധപ്പെട്ടവരുമായി ആലോചിക്കുന്നില്ലെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് ആരോപിച്ചു
മുൻപത്തെ പോലെ തന്നെ ഇന്നും രാജ്യത്ത് കള്ളപ്പണം വ്യാപകമാണെന്നും ഡിജിറ്റൽ ഇടപാടുകൾ ഒരു പടി മുന്നിലാണെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ പുന:സ്ഥാപനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ഗലോട്ട് അഭിപ്രായപ്പെട്ടു. നോട്ടു നിരോധനത്തിലൂടെ കർഷകരുടെയും തൊഴിലാളികളുടെയും വ്യാപാരികളുടെയും സമ്പദ്‌വ്യവസ്ഥ പൂർണമായും തകർക്കപ്പെടുകയായിരുന്നെന്നും ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാർ ബന്ധപ്പെട്ടവരുമായി ആലോചിക്കുന്നില്ലെന്നും ഗലോട്ട് ആരോപിച്ചു. നോട്ട് നിരോധനവും അതിന്‍റെ പ്രത്യാഘാതങ്ങളും അപകടകരമായിരുന്നെന്നും കാർഷിക നിയമങ്ങളും ജിഎസ്‌ടിയും നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടവരുമായും ആലോചിക്കുന്നത് പ്രധാനമാണെന്ന് കേന്ദ്രം ചിന്തിച്ചില്ലയെന്നും ഈ ഫാസിസ്റ്റ് ചിന്ത അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.