കുശിനഗര്‍: നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ 16കാരനായി തെരച്ചില്‍ ഊര്‍ജിതം. ഉത്തര്‍ പ്രദേശിലെ കുശിനഗറിലായിരുന്നു സംഭവം. അയല്‍വാസിയായ പ്രതി കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണയാണ് കുട്ടിയെ പീഡിപ്പിച്ചത്.
കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ മിഠായി കൊടുത്ത് പ്രലോഭിപ്പിക്കുകയും ആരും കാണാതെ പീഡിപ്പിക്കുകയുമായിരുന്നു. ഒരിക്കല്‍ കളി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം ഒഴുകുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ശേഷം, നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയാക്കപ്പെട്ട വിവരം പുറത്തുവരുന്നത്.
ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം:വിവരമറിഞ്ഞ ഗ്രാമത്തിലെ മുതിർന്നവർ തങ്ങൾക്ക് നീതി നൽകുന്നതിന് പകരം കേസ് ഒതുക്കുകയായിരുന്നുവെന്നും പൊലീസിൽ പരാതിപ്പെടാൻ അനുവദിച്ചില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഗ്രാമത്തിലുള്ളവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിക്ക് കുട്ടിയെ പീഡിപ്പിക്കുന്നതിന് ധൈര്യം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഒരിക്കല്‍ കൂടി കുട്ടി പീഡനത്തിനിരയായപ്പോള്‍ പ്രതിയ്‌ക്കെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി.
എന്നാല്‍, കുട്ടിയുടെ ചികിത്സ ചിലവ് തങ്ങള്‍ വഹിച്ചുകൊള്ളാമെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും ഗ്രാമത്തിലുള്ളവര്‍ പിതാവിനോട് പറയുകയും ചെയ്‌തു. ശേഷം, കഴിഞ്ഞ ദിവസം പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന് ശേഷം പ്രതിയേയും ഗ്രാമത്തിലുള്ള മുതിര്‍ന്നവരെയും പിതാവിനെയും സ്‌റ്റേഷനില്‍ വിളിച്ച് സംസാരിച്ചിരുന്നതായി പൊലീസ് സൂപ്രണ്ട് ധവാല്‍ ജെയ്‌സ്‌വാള്‍ പറഞ്ഞു.
നിലവില്‍ പ്രതി ഒളിവില്‍ കഴിയുകയാണ്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നും പൊലീസ് അറിയിച്ചു. അതേസമയം പോക്‌സോ കേസുകളുടെ വലിയ വര്‍ധനവാണ് ദിനം പ്രതി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പതിനഞ്ചുകാരിയെ ഉപദ്രവിച്ച് 19കാരി: കോഴിക്കോട് പതിനഞ്ചുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ജെസ്‌ന എന്ന പ്രതി കഴിഞ്ഞ മൂന്ന് വര്‍ഷമായി പെണ്‍കുട്ടിയെ പല തവണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതറിഞ്ഞ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ജില്ലയില്‍ തന്നെ പല സ്ഥലങ്ങളിലായി പ്രതി മാറി മാറി താമസിച്ചുവരികയായിരുന്നു.
പ്രതി ലഹരിയ്‌ക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എലത്തൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിയവെയാണ് ജസ്‌ന പിടിയിലാകുന്നത്. പീഡനത്തിന് പുറമെ ഒളിവില്‍ കഴിഞ്ഞതിന് മറ്റൊരു കേസ് കൂടി പൊലീസ് ജസ്‌നയ്‌ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പിതാവ്:രാജ്യത്തെയാകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തിയ കുട്ടിയുടെ പിതാവ് അറസ്‌റ്റിലായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്നും എട്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പ്രദേശവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
എന്നാല്‍ വൈദ്യ പരിശോധനയില്‍ കുട്ടി നിലവില്‍ ഗര്‍ഭിണിയല്ല എന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് കുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് തന്‍റെ അച്ഛന്‍ തന്നെയാണ് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്നും ഗര്‍ഭധാരണത്തിനായി സഹായിച്ചതെന്നും കുട്ടി മൊഴി നല്‍കി. പ്രസവത്തിന് ശേഷം നവജാത ശിശു കരയുന്ന ശബ്‌ദം കേള്‍ക്കാതിരിക്കാന്‍ കുട്ടിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.