ബ്രിസ്ബെയിൻ: ഓസ്ട്രേലിയയ്ക്ക് എതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശ ജയം. അവസാന ദിനം ഓരോ പന്തിലും ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരം ഇന്ത്യ ജയിച്ചത് മൂന്ന് വിക്കറ്റിന്. അഞ്ചാം ദിനം 328 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത് അർധ സെഞ്ച്വറി നേടിയ ശുഭ്‌മാൻ ഗില്‍, ചേതേശ്വർ പുജാര, റിഷഭ് പന്ത് എന്നിവരുടെ അർധ സെഞ്ച്വറി മികവില്‍. ഇതോടെ ഓസീസിന് എതിരായ ടെസ്റ്റ് പരമ്പര (2-1)ന് ഇന്ത്യ സ്വന്തമാക്കി. അതോടൊപ്പം ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യ നിലനിർത്തുകയും ചെയ്തു.
ഗില്‍, പുജാര, പന്ത്: ഓസീസിനെ മലർത്തിയടിച്ച് ടീം ഇന്ത്യ
അഞ്ചാം ദിനം 328 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത് അർധ സെഞ്ച്വറി നേടിയ ശുഭ്‌മാൻ ഗില്‍, ചേതേശ്വർ പുജാര, റിഷഭ് പന്ത് എന്നിവരുടെ അർധ സെഞ്ച്വറി മികവില്‍.
ഇന്ന് രാവിലെ വിക്കറ്റ് നഷ്ടമാകാതെ നാല് റൺസ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റ് അതിവേഗം നഷ്ടമായി. രോഹിത് ഏഴ് റൺസ് മാത്രമാണെടുത്തത്. എന്നാല്‍ പിന്നീട് ശുഭ്‌മാൻ ഗില്ലും ചേതേശ്വർ പുജാരയും ചേർന്ന് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. അതിനിടെ 91 റൺസെടുത്ത് ഗില്‍ സെഞ്ച്വറിക്ക് 9 റൺസ് മാത്രം അകലെ പുറത്തായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. പിന്നീട് എത്തിയ നായകൻ അജിങ്ക്യ രഹാനെ 22 പന്തില്‍ 24 റൺസെടുത്ത് പുറത്തായി.
പക്ഷേ പുജാര വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. റിഷഭ് പന്തിനെ കൂട്ടുപിടിച്ച് പുജാര അർധ സെഞ്ച്വറി തികച്ചു. പക്ഷേ 211 പന്തില്‍ 56 റൺസെടുത്ത് പുജാര പുറത്തായത് ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. പക്ഷേ പന്ത് ആക്രമിച്ച് കളിച്ച് അർധ സെഞ്ച്വറി നേടി. അതിനിടെ മായങ്ക് അഗർവാൾ വെറും ഒൻപത് റൺസിന് പുറത്തായത് ഇന്ത്യയെ വീണ്ടും ആശങ്കയിലാക്കി. അവസാന അഞ്ച് ഓവറില്‍ 30 റൺസ് എന്ന നിലയില്‍ നിന്ന് വാഷിങ്ടൺ സുന്ദറും പന്തും ചേർന്ന് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു. എന്നാല്‍ രണ്ട് ഓവറിനിടെ സുന്ദറും താക്കൂറും പുറത്തായെങ്കിലും സെയ്‌നിയെ കൂട്ടുപിടിച്ച് റിഷഭ് പന്ത് വിജയറൺ നേടി. 89 റൺസുമായി പന്ത് പുറത്താകാതെ നിന്നു.