ഹൈദരാബാദ്: ഇന്ത്യയിലെ കാറോട്ട പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ സുദിനം വന്നെത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ സിംഗിൾ സീറ്റർ ഇലക്‌ട്രിക് റേസായ ഫോർമുല- ഇ യ്‌ക്ക് നാളെ (11.02.23) ഹൈദരാബാദിൽ കൊടിയേറും. 11 പ്രമുഖ ഓട്ടോമൊബൈൽ കമ്പനികളുടെ ഇലക്ട്രിക് കാറുകൾ പങ്കെടുക്കുന്ന മത്സരത്തിനായി ഹൈദരാബാദിലെ ഹുസൈൻ സാഗറിന്‍റെ തീരത്ത് 2.8 കിലോമീറ്റർ സ്‌ട്രീറ്റ് സർക്യൂട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.
ലുംബിനി പാർക്കിൽ നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റിന്‍റെ ഭാഗത്തു നിന്നും മിന്‍റ് കോമ്പൗണ്ട്, പ്രസാദ് ഐമാക്‌സ് വഴി എൻടിആർ ഗാർഡനിലാണ് മത്സരം അവസാനിക്കുക. 11 ടീമുകൾക്കുമായി 22 റേസർമാരാണ് മത്സരിക്കുന്നത്. സുരക്ഷ നടപടികളുടെ ഭാഗമായി സർക്യൂട്ടിന്‍റെ ഇരുവശങ്ങളിലും വലിയ ബാരിക്കേഡുകളും കാണികൾക്കായി ഗാലറികളും ഒരുക്കിയിട്ടുണ്ട്. മത്സരം നടക്കുന്ന ഭാഗത്തെ പ്രദേശങ്ങൾ പൊലീസ് പൂർണമായും അടച്ചിട്ടുണ്ട്.
പ്രധാന മത്സരത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് 4.30ന് ആദ്യ പരിശീലന മത്സരം നടത്തിയിരുന്നു. ശനിയാഴ്‌ച രാവിലെ 8.40ന് രണ്ടാം പ്രീ- പ്രാക്‌ടീസ് മത്സരവും, 10.40ന് യോഗ്യത മത്സരങ്ങളും നടക്കും. ഉച്ചകഴിഞ്ഞാണ് പ്രധാന മത്സരങ്ങൾ നടക്കുക. ഏകദേശം 21,000 പേർക്ക് മത്സരം വീക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവർമാർ ഇതിനകം ട്രാക്ക് പരിശോധിച്ചു കഴിഞ്ഞിട്ടുണ്ട്.
ടേണ്‍-3 വില്ലനാകുമോ: അതേസമയം ഉദ്ഘാടന പരിശീലന സെഷനു മുന്നോടിയായി ജീൻ എറിക് വെർഗ്നെ, ജേക്ക് ഡെന്നിസ്, ആന്ദ്രേ ലോട്ടറർ എന്നിവരുൾപ്പെടെയുള്ള ഡ്രൈവർമാർ 2.83 കിലോമീറ്റർ ദൈർഘ്യമുള്ള സ്ട്രീറ്റ് സർക്യൂട്ടിന്‍റെ ടേൺ 3-ൽ സുരക്ഷ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. മൂന്നാം വളവിൽ മതിയായ റണ്‍ ഓഫ് ഏരിയ ഇല്ലെന്നും ആ വളവിലൂടെ ഉയർന്ന വേഗതയിൽ വരുമ്പോൾ ബ്രേക്ക് നഷ്‌ടപ്പെടുകയാണെങ്കിൽ അത് വലിയ അപകടങ്ങൾക്ക് വഴിവയ്‌ക്കും എന്നുമാണ് താരങ്ങൾ പറഞ്ഞത്.