മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്ന ശരദ് യാദവിന് വിട ചൊല്ലുകയാണ് രാഷ്‌ട്രീയ ലോകം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടോളം നീണ്ട തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ, കേന്ദ്രമന്ത്രിയായും ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ കൺവീനറായും ജനതാദൾ-യുണൈറ്റഡിന്‍റെ പ്രസിഡന്‍റായും ശരദ് യാദവ് സേവനമനുഷ്‌ഠിച്ചു. അന്തരിച്ച മുലായം സിംഗ് യാദവ്, ജോർജ് ഫെർണാണ്ടസ് തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കൾക്ക് സമാന്തരമായി സോഷ്യലിസ്റ്റ് ബ്ലോക്കിൽ നിന്നുള്ള ഒരു പ്രമുഖ നേതാവായിരുന്നു അദ്ദേഹം.
എഴുപതുകളിലെ കോൺഗ്രസ് വിരുദ്ധ പ്രസ്ഥാനത്തിന്‍റെ കാലത്താണ് ശരദ് യാദവിന്‍റെ രാഷ്ട്രീയ ജീവിതം ഉയർന്നത്. 1974-ൽ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള കോൺഗ്രസ് എംപി മരിച്ചു, തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിൽ അന്നത്തെ ശക്തരായ കോൺഗ്രസിനെ നേരിടാൻ ഒരു യുവ കോളജ് വിദ്യാർഥിയെ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ ജയപ്രകാശ് നാരായൺ തീരുമാനിച്ചു. അന്ന് ജയപ്രകാശ് നാരായൺ നിർദേശിച്ച സ്ഥാനാർഥിയായി മത്സരിച്ചുകൊണ്ടായിരുന്നു ശരദ് യാദവിന്‍റെ പൊതു രംഗപ്രവേശം. ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്‌സഭയിൽ അംഗമായി.
1977ലും അദ്ദേഹം ജബൽപൂർ നിലനിർത്തി. 1980കളിൽ ജനതാദൾ രൂപീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പിന്നീട് 1997ൽ ജനതാദളിലെ പിളർപ്പിനെ തുടർന്ന് നിതീഷ് കുമാറിനൊപ്പം ജനതാദൾ യുണൈറ്റഡ് സ്ഥാപിച്ചു. ബിഹാർ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭവനമായിരുന്നു. 1999 മുതൽ 2004 വരെ വാജ്‌പേയി സർക്കാരിൽ സിവിൽ ഏവിയേഷൻ, ലേബർ, കൺസ്യൂമർ അഫയേഴ്‌സ്, ഫുഡ്, പബ്ലിക് ഡിസ്ട്രിബ്യൂഷൻ എന്നീ വകുപ്പുകൾ വഹിച്ച കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. ജെഡിയു രാജ്യസഭ കക്ഷിനേതാവ്, ജനതാദൾ പാർലമെന്‍ററി പാർട്ടി നേതാവ്, എൻഡിഎ കൺവീനർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.