ചണ്ഡീഗഡ്: പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്‌ച വൈകിട്ട് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 95 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്‌ച മുമ്പാണ് ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ട് മണിയോടെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന പ്രകാശ് ബാദല്‍ ഡോക്‌ടര്‍മാരുടെ നീരിക്ഷണത്തിലായിരുന്നു. ഭാര്യ സുരീന്ദര്‍ കൗര്‍ നേരത്തെ അന്തരിച്ചിരുന്നു. ശിരോണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്‌ബിര്‍ സിങ് ബാദല്‍ മകനാണ്. 1970ല്‍ ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് സിങ് ബാദല്‍ അഞ്ച് തവണ മുഖ്യമന്ത്രി പദത്തില്‍ എത്തിയിട്ടുണ്ട്.
1970ല്‍ ആദ്യമായി അദ്ദേഹം ഒരു ഇന്ത്യന്‍ സംസ്ഥാനത്തിലെ എറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. 2012ല്‍ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു പ്രകാശ് സിങ് ബാദല്‍. ലോക്‌സഭ എംപി കൂടിയായിരുന്ന അദ്ദേഹം കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. 2017ല്‍ അദ്ദേഹം തന്‍റെ കാലാവാധി പൂര്‍ത്തിയാക്കി.
പഞ്ചാബിലെ മുക്‌സര്‍ ജില്ലയിലെ മാലൗട്ടിനടുത്തുളള അബുള്‍ ഖുറാന ഗ്രാമത്തില്‍ 1927 ഡിസംബര്‍ ഏട്ടിനായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. 1947ല്‍ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച പ്രകാശ് ബാദല്‍ ശിരോമണി അകാലിദളിലൂടെ ഉയര്‍ന്നു. 1957ലാണ് പഞ്ചാബ് വിധാന്‍ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1969ല്‍ രണ്ടാം തവണ സാമൂഹ്യവികസനം, പഞ്ചായത്തീരാജ് എന്നീ വകുപ്പുകളുടെ ചുമതലയുളള മന്ത്രിയായി ചുമതലയേറ്റു.
1970-71, 1977-80- 1997-2002, 2012-2017 കാലഘട്ടങ്ങളില്‍ അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായി. 1972ലും 1980ലും 2002ലും പ്രതിപക്ഷ നേതാവായിരുന്നു. പത്ത് തവണയാണ് പ്രകാശ് സിങ് ബാദല്‍ പഞ്ചാബ് വിധാന്‍ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1992 ഫെബ്രുവരിയില്‍ നടന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ പാര്‍ട്ടിയെ നയിച്ചത് അദ്ദേഹമായിരുന്നു. 1977ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയിലും മന്ത്രിയായിരുന്നു.