ബാര്‍മര്‍(രാജസ്ഥാന്‍) :മുന്‍ ബാര്‍മര്‍ എംഎല്‍എ മെവാരം ജെയിനിനെ പുറത്താക്കി കോണ്‍ഗ്രസ്. കൂട്ടബലാത്സംഗ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് നടപടി. കേസുമായി ബന്ധപ്പെട്ട രണ്ട് ദൃശ്യങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ ഈ വീഡിയോകളുടെ വിശ്വാസ്യത സ്ഥിരീകരിച്ചിട്ടില്ല.
മുന്‍ എംഎല്‍എയടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ബലാത്സംഗ പരാതി. ജോധ്പൂരിലെ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം 22ന് നല്‍കിയ പരാതിയില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വീഡിയോയെക്കുറിച്ചും പരാതിയില്‍ പരാമര്‍ശമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഈ വീഡിയോകള്‍ സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു. ദൃശ്യങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും വൈറലായിരുന്നു.
മുന്‍ എംഎല്‍എയുടെ അറസ്റ്റ് ഈ മാസം 25 വരെ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്തസാരയാണ് മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അദ്ദേഹം ഇക്കാര്യം എക്സിലൂടെയാണ് അറിയിച്ചത്.
പിന്നാലെ വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയിരിക്കുന്നത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും പരാമര്‍ശമുണ്ട്.