ഹൈദാബാദ് :മുന്‍ ലോക സുന്ദരി മത്സരാര്‍ഥി ഷെറിക ഡി അര്‍മാസ് അന്തരിച്ചു (Sherika De Armas Passed Away). സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കീമോതെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയ ചികിത്സകള്‍ക്കെല്ലാം താരം വിധേയയായിട്ടുണ്ട്. ഷെറികയുടെ സഹോദരന്‍ മെയ്‌ക് ഡി അര്‍മാസാണ് മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.
'ഫ്ലൈ ഹൈ, ലിറ്റില്‍ സിസ്‌റ്റര്‍. ഓള്‍വേയ്‌സ് ആന്‍ഡ് ഫോര്‍ എവര്‍' എന്നിങ്ങനെയാണ് മെയ്‌ക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് സുന്ദരിയായ സ്‌ത്രീകളില്‍ ഒരാളാണ് ഷെറിക എന്ന് മിസ് യൂണിവേഴ്‌സ് ഉറുഗ്വേ 2022, കാരല്‍ റൊമേറോയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2015 ലാണ് ഷെറിക ഡി അര്‍മാസ് മിസ് വേള്‍ഡ് മത്സരത്തിനെത്തുന്നത്. ഉറുഗ്വേയെ പ്രതിനിധീകരിച്ചായിരുന്നു ആ മത്സരം (Former Miss World Contestant Sherika De Armas).
ഉറുഗ്വേയെ പ്രതിനിധീകരിക്കുന്നത് തൊട്ടുമുമ്പായി 2015ല്‍ തന്നെ ചൈനയില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തിലും ഷെറിക പങ്കെടുത്തിരുന്നു. മത്സരത്തില്‍ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും പങ്കെടുത്തവര്‍ക്കിടയിലെ ഏറ്റവും ചെറിയ പ്രായക്കാരിയായതു കൊണ്ട് തന്നെ ഏവരുടെയും ശ്രദ്ധാകേന്ദ്രമാകാന്‍ ഷെറികയ്‌ക്ക് സാധിച്ചു. ലോക സുന്ദരി എന്നതിനപ്പുറം സ്വന്തമായി മേക്കപ്പ് പ്രൊഡക്‌റ്റുള്‍, പേഴ്‌സണല്‍ കെയര്‍ പ്രൊഡക്‌റ്റുകള്‍, ഹെയര്‍ കെയര്‍ പ്രൊഡക്‌റ്റുകള്‍ എന്നിവയുടെ ബിസിനസും ഷെറികയ്‌ക്കുണ്ടായിരുന്നു. സൗന്ദര്യ സംരക്ഷണത്തിലുള്ള അതീവ ശ്രദ്ധയായിരുന്നു താരത്തിന് ഇത്തരമൊരു ബിസിനസ് നടത്താന്‍ പ്രചോദനമായത്. രോഗിയായിരുന്നിട്ടും പെരെസ് സ്‌ക്രീമിനി ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
അര്‍ബുദ രോഗം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനാണ് പെരെസ് സ്‌ക്രീമിനി ഫൗണ്ടേഷന്‍. താരത്തിന് 26 വയസായിരുന്നു. 2021ലെ മിസ് ഉറുഗ്വേയായ ലോല ഡി ലോസ് സാന്‍റോസ് ഷെറിക അര്‍മാസിന് ആദരാഞാജലി അര്‍പ്പിച്ചു. ഷെറികയുടെ പിന്തുണയും വാത്സല്യവും സ്‌നേഹപൂര്‍വം ഓര്‍ക്കുന്നുവെന്നും സാന്‍റോസ് അനുശോചന കുറിപ്പില്‍ പറയുന്നു.
എന്താണ് സെര്‍വിക്കല്‍ കാന്‍സര്‍ :സ്‌ത്രീകളുടെ ഗര്‍ഭാശയത്തിനും യോനിയ്‌ക്കും ഇടയില്‍ വരുന്ന കോശങ്ങളിലുണ്ടാകുന്ന കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഇത്തരം കോശങ്ങളില്‍ സ്ഥിരമായി അണുബാധ ഉണ്ടാകുന്നതാണ് ഇത്തരം കാന്‍സറിന് കാരണം. പ്രാരംഭ ഘട്ടത്തില്‍ രോഗ ലക്ഷണങ്ങളൊന്നും പ്രകടമാകാത്ത ഈ രോഗം തിരിച്ചറിയാന്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും എടുക്കും. അതുകൊണ്ട് തന്നെ മിക്കപ്പോഴും രോഗം മൂര്‍ച്ഛിച്ചതിന് ശേഷമായിരിക്കും തിരിച്ചറിയുക. അതേസമയം പ്രാരംഭഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ പൂര്‍ണമായും ഇതിനെ ചികിത്സിച്ച് ഭേദമാക്കാനും സാധിക്കും.