മെഹ്‌സാന (ഗുജറാത്ത്) : സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഹര്‍ ഘര്‍ തിരംഗ റാലിക്കിടെ തെരുവ് പശുവിന്‍റെ ആക്രമണത്തില്‍ ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് പരിക്ക്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തിയ തെരുവ് പശു നിതിന്‍ പട്ടേല്‍ ഉള്‍പ്പടെ റാലിയിലുണ്ടായിരുന്ന ആറുപേരെ ഇടിച്ചിട്ടു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബിജെപി നേതാവും ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേലിനെ ആക്രമിച്ച് പശു, ഇടിച്ചിട്ടത് ഹര്‍ ഘര്‍ തിരംഗ റാലിക്കിടെ, വീഡിയോ - ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി
ഹര്‍ ഘര്‍ തിരംഗ റാലിയിലേക്ക് കുതിച്ചെത്തിയ തെരുവ് പശു ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉള്‍പ്പടെ ആറോളം പേരെ ഇടിച്ചിട്ടു
മെഹ്‌സാന ജില്ലയിലെ കഢീ എന്ന സ്ഥലത്ത് നടന്ന തിരംഗ റാലിക്കിടെയാണ് പശുവിന്‍റെ ആക്രമണമുണ്ടായത്. റാലി കരണ്‍പുര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പശു ഓടിക്കയറുകയായിരുന്നു. ത്രിവർണ പതാക കയ്യിലേന്തി റാലിയെ നയിക്കുകയായിരുന്ന നിതിന്‍ പട്ടേല്‍ പശുവിന്‍റെ ആക്രമണത്തില്‍ താഴെ വീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ആക്രമണത്തില്‍ ഇടത് കാലിന് പരിക്കേറ്റ നിതിന്‍ പട്ടേലിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. ഇരുപത് ദിവസത്തെ വിശ്രമമാണ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് നിതിന്‍ പട്ടേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.