ന്യൂഡല്‍ഹി : ബാലാകോട്ട് ആക്രമണത്തിന് ശേഷം നിരവധി രാജ്യങ്ങള്‍ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും മധ്യസ്ഥന്‍മാരെ അയക്കാമെന്ന വാഗ്‌ദാനവുമായി രംഗത്ത് എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സംഘര്‍ഷം ലഘൂകരിക്കാന്‍ ചൈന പോലും ദൂതരെ അയക്കാമെന്ന് വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ ഈ വാഗ്‌ദാനങ്ങളെല്ലാം ഇന്ത്യ നിരസിക്കുകയായിരുന്നുവെന്നും മുന്‍ നയതന്ത്രജ്ഞന്‍ അജയ് ബിസാരിയ വെളിപ്പെടുത്തി(Former Diplomat Ajay Bisaria).
ബാലാകോട്ട് ആക്രമണം നടക്കുമ്പോള്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായിരുന്നു ബിസാരിയ. തന്‍റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് അദ്ദേഹത്തിന്‍റെ ഈ വെളിപ്പെടുത്തലുകള്‍. പരിക്കേറ്റ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ തിരികെ എത്തിക്കാന്‍ ഒരു വ്യോമസേനാ വിമാനം അയക്കാന്‍ ഇന്ത്യ ആഗ്രഹിച്ചെങ്കിലും പാകിസ്ഥാന്‍ അനുമതി നിഷേധിച്ചു. ഇപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റനായി ജോലി ചെയ്യുന്ന വര്‍ദ്ധമാന്‍ ഒരു പാകിസ്ഥാന്‍ വിമാനം വെടിവച്ചിട്ടിരുന്നു. പിന്നീടാണ് ഇദ്ദേഹത്തിന്‍റെ മിഗ് 21ബിസോണ്‍ ജെറ്റ് ഒരു ഡോഗ് ഫ്ലൈറ്റ് ആക്രമിച്ചത്. 2019 ഫെബ്രുവരി 27നായിരുന്നു സംഭവം. (Balakot and aftermath)
വര്‍ദ്ധമാനെ പാക് സേന തടവിലാക്കുകയും രണ്ട് ദിവസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തു. മൂന്ന് ദിവസം നീണ്ടു നിന്ന ആക്രമണത്തിനൊടുവില്‍ ഒരു ഇന്ത്യന്‍ വ്യോമസേനാ വിമാനം ഇസ്ലാമാബാദില്‍ ഇറങ്ങുന്നത് തീര്‍ച്ചയായും പാകിസ്ഥാന് അംഗീകരിക്കാനാകുമായിരുന്നില്ലെന്നും ബിസാരിയ എഴുതുന്നു.
ഉപദ്വീപിലെ നിരവധി രാജ്യങ്ങള്‍ മധ്യസ്ഥരെ അയക്കാമെന്ന വാഗ്‌ദാനവുമായി രംഗത്തെത്തിയെങ്കിലും അതിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ലെന്ന് 'ആങ്കര്‍ മാനേജ്മെന്‍റ്; ദ ട്രബിള്‍ ഡിപ്ലോമാറ്റിക് റിലേഷന്‍ ഷിപ്പ് ബിറ്റ്‌വീന്‍ ഇന്ത്യ ആന്‍ഡ് പാകിസ്ഥാന്‍'(Anger Management; The Troubled Diplomatic Relationship Between India and Pakistan) എന്ന പുസ്തകത്തില്‍ ബിസാരിയ കുറിച്ചിരിക്കുന്നു. ചൈന പോലും ഇക്കാര്യത്തില്‍ പിന്നാക്കം പോയില്ല. തങ്ങളുടെ ഉപമന്ത്രിയെ അയക്കാമെന്ന വാഗ്‌ദാനവുമായി രംഗത്തെത്തി. എന്നാല്‍ ഇന്ത്യ വിനയപൂര്‍വ്വം വാഗ്‌ദാനം തള്ളി.
രൂപയാണ് ബിസാരിയയുടെ പുസ്തകത്തിന്‍റെ പ്രസാധകര്‍. 35 വര്‍ഷമായി നയതന്ത്ര രംഗത്ത് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ച് പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ 2019 ഫെബ്രുവരി 26ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പ തകര്‍ത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കാര്യമായ വിള്ളലുണ്ടായി.
ബാലാകോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യ ഏത് സമയവും പാകിസ്ഥാനിലേക്ക് തൊടുക്കാന്‍ ഒന്‍പത് മിസൈലുകള്‍ തയാറാക്കി വച്ചിരിക്കുന്നുവെന്നൊരു വാര്‍ത്ത പാക് സൈന്യം അന്നത്തെ പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി തെഹ്‌മിന ജാന്‍ജുവയ്ക്ക് കൈമാറി. അവര്‍ ഇക്കാര്യം അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്രജ്ഞരെയും അറിയിച്ചു. ഇക്കാര്യം അവര്‍ അതാത് രാജ്യങ്ങളില്‍ അറിയിക്കണമെന്നും ഇന്ത്യയോട് സാഹചര്യം മോശമാക്കരുതെന്ന് അഭ്യര്‍ത്ഥിക്കാന്‍ അവരോട് പറയണമെന്നും ജാന്‍ജുവ വിദേശപ്രതിനിധികളോട് ആവശ്യപ്പെട്ടു. നയതന്ത്രപ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ അതാത് രാജ്യങ്ങളെ ധരിപ്പിച്ചു. ഇത് ഇസ്ലാമാബാദിലും പി5 തലസ്ഥാനങ്ങളിലും ഡല്‍ഹിയിലും അന്ന് രാത്രി വലിയ നയതന്ത്ര ഇടപെടലുകളിലേക്ക് നയിച്ചു. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യ, ബ്രിട്ടന്‍, അമേരിക്ക, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെയാണ് പി5 അറിയപ്പെടുന്നത്.
പാകിസ്ഥാന്‍ നേരിട്ട് തന്നെ തങ്ങളുടെ ആശങ്കകള്‍ ഇന്ത്യയെ അറിയിക്കാന്‍ ഇതിലൊരു രാജ്യം നിര്‍ദ്ദേശിച്ചെന്നും ബിസാരിയ എഴുതിയിട്ടുണ്ട്. പാകിസ്ഥാനിലെ അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ആഗ്രഹിച്ചു. എനിക്ക് ഏതാണ്ട് അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ സൊഹാലി മുഹമ്മദിന്‍റെ ഫോണ്‍ വന്നു. ഇപ്പോള്‍ സൊഹാലി ഇസ്ലാമാബാദിലാണ്. ഇമ്രാന്‍ഖാന് മോദിയോട് സംസാരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ സമയത്ത് തങ്ങളുടെ പ്രധാനമന്ത്രിയോട് സംസാരിക്കാനാകില്ലെന്നും എന്തെങ്കിലും അത്യാവശ്യ സന്ദേശങ്ങളുണ്ടെങ്കില്‍ തന്നോട് പറയാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ പിന്നെ ആ രാത്രിയില്‍ തന്നെ ആരും വിളിച്ചില്ല. എന്നാല്‍ അമേരിക്കയുടെയും ബ്രിട്ടന്‍റെയും ഇന്ത്യയിലെ സ്ഥാനപതികള്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയെ ആ രാത്രിയില്‍ തന്നെ വിളിക്കുകയും പാകിസ്ഥാന്‍ ആക്രമണങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ ആവശ്യപ്രകാരം ഭീകരത ഇല്ലായ്‌മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് വ്യക്തമാക്കുകയും ചെയ്തു.
പാക് പ്രധാനമന്ത്രി നേരിട്ട് തന്നെ ഇക്കാര്യം പിറ്റേദിവസം പ്രഖ്യാപിക്കുകയും ഇന്ത്യന്‍ വൈമാനികനെ തിരിച്ച് അയക്കുകയും ചെയ്‌തു. അതൊരു രക്തരൂക്ഷിത രാവായിരുന്നുവെന്നും ബിസാരിയ ഓര്‍ക്കുന്നു. ചൈനയ്ക്കെതിരെ ഇന്ത്യയെ പിന്തുണയ്ക്കാന്‍ അമേരിക്ക തയാറായ പശ്ചാത്തലത്തില്‍ ചൈന തങ്ങളെ പിന്തുണയ്ക്കണമെന്ന് പാകിസ്ഥാന്‍ ചൈനയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് വ്യക്തമാക്കി.
അക്കാലത്തെ ജിയോ പൊളിറ്റിക്സ് സംബന്ധിച്ച പല വെളിപ്പെടുത്തലുകളും ബിസാരിയയുടെ പുസ്തകത്തിലുണ്ട്.
Also Read: ഇന്ത്യൻ പരുത്തി ഇറക്കുമതി നിർദേശം നിരസിച്ച് പാകിസ്ഥാൻ