ഉഡുപ്പി (കർണാടക): വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനിടെ കർണാടകയിൽ കോൺഗ്രസിന് തിരിച്ചടിയായി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമോദ് മധ്വരാജിന്‍റെ രാജി. പാർട്ടിയിൽ നിന്ന് രാജിവച്ച പ്രമോദ് മധ്വരാജ് മണിക്കൂറുകൾക്കകം ബിജെപിയിൽ ചേർന്നു. പാർട്ടിയിൽ രാഷ്‌ട്രീയ വീർപ്പുമുട്ടൽ ഉണ്ടെന്ന് പറഞ്ഞാണ് അടുത്തിടെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്‍റായി നിയമിതനായ മധ്വരാജ് രാജിവച്ചത്. ട്വിറ്ററിലൂടെ രാജിക്കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്‌തു.
തുടർന്ന് മണിക്കൂറുകൾക്കകം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേരുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഉഡുപ്പി ജില്ല കോൺഗ്രസിലെ സാഹചര്യം തനിക്ക് വളരെ മോശം അനുഭവമാണ് സമ്മാനിച്ചത്. അതിന്‍റെ വസ്‌തുതകൾ ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെ താൻ അറിയിച്ചതാണ്. എന്നാൽ പരാതി പരിഹാരിക്കാൻ വേണ്ട നടപടികളൊന്നും പാർട്ടി സ്വീകരിച്ചിട്ടില്ല.