ന്യൂഡല്‍ഹി : ഈമാസം 22ന് നടക്കുന്ന അയോധ്യ പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോണ്‍ഗ്രസ് ഉന്നതര്‍ക്കെതിരെ ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍. ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോധ്‌വാദിയ പറഞ്ഞു (Former Congress Gujarat chief).
അയോധ്യയിലെ ചടങ്ങുകള്‍ ബിജെപി-ആര്‍എസ്എസ് പരിപാടിയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ക്ഷണം നിരസിച്ചത്. എന്നാല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് തീരുമാനത്തെ ശക്തമായ ഭാഷയിലാണ് അര്‍ജുന്‍ മോധ്‌വാദിയ എക്‌സിലൂടെ വിമര്‍ശിച്ചത്. ശ്രീരാമന്‍ ആരാധന മൂര്‍ത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ വിശ്വാസികളുടെ കാര്യമാണ്. ഇത്തരം തീരുമാനങ്ങള്‍ കോണ്‍ഗ്രസ് കൈക്കൊള്ളരുതെന്നും അദ്ദേഹം പറഞ്ഞു (congress decision on Ayodhya ceremony).
അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങുകളില്‍ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷാണ് അറിയിച്ചത്. കഴിഞ്ഞമാസമാണ് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരെ അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങുകളിലേക്ക് ക്ഷണിച്ചത്.