ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയെ കുഴപ്പിച്ച് മുന്‍ മുഖ്യമന്ത്രിയായ വിജയ് രൂപാണിയും മുതിര്‍ന്ന പാര്‍ട്ടി നേതാവായ ഭൂപേന്ദ്ര സിങ് ചുദാസമയും. നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് തങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. മുൻ സംസ്ഥാന ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജയ് രൂപാണിയുടെയും ഭൂപേന്ദ്ര സിങ് ചുദാസമയുടെയും തീരുമാനം.
നേതാക്കളുടെ പ്രതികരണം ഇങ്ങനെ: 'എല്ലാവരുടെയും പരസ്‌പര സഹകരണത്തോടെ അഞ്ച് വര്‍ഷം ഞാന്‍ മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചു. എന്നാല്‍, ഈ തെരഞ്ഞെടുപ്പിന്‍റെ ഉത്തരവാദിത്വം പുതിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഞാന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല എന്ന വിവരം ഡല്‍ഹിയില്‍ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കുമെന്ന്' വിജയ് രൂപാണി പറഞ്ഞു.
'നിയമസഭ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ട്. മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവസരം ലഭിക്കട്ടെയെന്ന് ഞാന്‍ തീരുമാനിച്ചു. ഇതുവരെ ഒന്‍പത് തവണ മത്സരിക്കുവാനുള്ള അവസരം പാര്‍ട്ടി എനിക്ക് തന്നു. പാര്‍ട്ടിയോട് ഞാന്‍ നന്ദിയറിയിക്കുകയാണ്' ഭൂപേന്ദ്ര സിങ് ചുദാസമ അറിയിച്ചു.
ഗുജറാത്തിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ബിജെപി ആസ്ഥാനത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍, ബിഎസ് യെദ്യൂരപ്പ, ദേവേന്ദ്ര ഫഡ്‌നാവിസ്, ലാൽ സിങ് രാജ്‌പുര എന്നിവരുൾപ്പെടെയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.