ന്യൂഡല്‍ഹി :ഓര്‍ഡര്‍ ചെയ്‌ത്പത്ത് മിനിട്ട് കൊണ്ട് ഭക്ഷണം എത്തിക്കുന്ന പദ്ധതിയില്‍ വ്യക്തത വരുത്തി സൊമാറ്റോ സ്ഥാപകന്‍ ദിപീന്ദര്‍ ഗോയല്‍. 'ഫിനിഷിങ് സ്റ്റേഷന്' അടുത്തുള്ള സ്ഥലങ്ങളിലാണ് ഇത് നടപ്പാക്കുക. ആവശ്യക്കാര്‍ ഏറെയുള്ള ഭക്ഷണങ്ങളുമാണ് പത്ത് മിനിട്ടുകൊണ്ട് എത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യക്കാര്‍ ഏറെയുള്ള സ്ഥലങ്ങളില്‍ 'ഫിനിഷിങ് സ്റ്റേഷന്‍' ശൃംഖല (വിതരണ കേന്ദ്രങ്ങള്‍) ഒരുക്കിക്കൊണ്ടാണ് പത്ത് മിനിട്ട് കൊണ്ടുള്ള ഫുഡ് ഡെലിവറി സാധ്യമാക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
പത്ത് മിനിട്ട് കൊണ്ട് ഭക്ഷണങ്ങള്‍ എത്തിക്കുന്ന പദ്ധതിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്ര വേഗത്തില്‍ ഭക്ഷണം എത്തിക്കുമ്പോള്‍ ഡെലിവറി പാര്‍ട്‌നര്‍മാരുടെ സുരക്ഷയെ ബാധിക്കുമെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. റോഡപകടങ്ങളുണ്ടാവന്‍ ഇടയുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും ചൂണ്ടിക്കാട്ടി. ഇതോടെയാണ് ട്വിറ്ററിലൂടെ വിശദീകരണവുമായി ഗോയല്‍ രംഗത്തെത്തിയത്.
സൊമാറ്റോ ഇന്‍സ്റ്റന്‍റിനെ പറ്റി വിമര്‍ശനം ഉന്നയിക്കുന്നവര്‍ രണ്ട് മിനിട്ടെടുത്ത് തന്‍റെ ട്വീറ്റ് വായിക്കണമെന്ന് ദിപീന്ദര്‍ ഗോയല്‍ അഭ്യര്‍ഥിച്ചു. അരമണിക്കൂര്‍ കൊണ്ട് ഭക്ഷണം എത്തിക്കുന്ന അതേ സുരക്ഷിതത്വത്തോടെ പത്ത് മിനിട്ട് കൊണ്ട് ഭക്ഷണം എത്തിക്കുന്ന സൊമാറ്റോ ഇന്‍സ്റ്റന്‍റ് നടപ്പാക്കാന്‍ സാധിക്കുമെന്ന് ദിപീന്ദര്‍ ഗോയല്‍ പറഞ്ഞു.
കൂടുതല്‍ ആളുകള്‍ ആവശ്യപ്പെടുന്ന ഭക്ഷണ സാധനങ്ങള്‍ മാത്രമേ സൊമാറ്റോ ഇന്‍സ്റ്റന്‍റില്‍ ഉള്‍പ്പെടുന്നുള്ളൂ എന്നതിനാല്‍ അവ വളരെ പെട്ടെന്ന് അയക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ:ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഓഫറുകൾ ഒരിക്കലും നഷ്‌ടപ്പെടുത്തരുത്
ഏതൊക്കെ ഭക്ഷണങ്ങളാണ് പത്ത് മിനിട്ട് കൊണ്ട് എത്തിക്കുക എന്ന ചോദ്യത്തിന് ബ്രഡ് ഓംലറ്റ്, പോഹ, കോഫി, ചായ, ബിരിയാണി, മൊമോസ് മുതലായവയാണെന്ന് അദ്ദേഹം വിശദീകരിച്ചു. സൊമാറ്റോ ഇന്‍സ്റ്റന്‍റ് പൈലറ്റ് അടിസ്ഥാനത്തില്‍ അടുത്ത ഏപ്രിലില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ നാലിടത്ത് ഫിനിഷിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.