ഉദംപൂര്‍: ജമ്മു കാശ്‌മീരില്‍ നടപ്പാലം തകര്‍ന്ന് വീണ് അപകടം. ഏഴ് കുട്ടികളുള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റു. ഉദംപൂര്‍ ജില്ലയിലെ ബെയിന്‍ ഗ്രാമത്തില്‍ ബൈശാഖി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടനെ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തകര്‍ന്നുവീണ പാലത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അതേസമയം, ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ വീട് തകര്‍ന്നുവീണ് 30ല്‍ അധികം സ്‌ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂഞ്ച് ജില്ലയിലെ ഘനേതര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം(13.04.2023) ഉച്ചതിരിഞ്ഞായിരുന്നു സംഭവം. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
വീട് തകര്‍ന്ന് വീഴുന്ന സമയം സ്‌ത്രീകള്‍ ഉള്ളിലുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പെട്ടന്നുണ്ടായ അപകടത്തിന് പിന്നിലെ കാരണത്തിലും വ്യക്തത വരേണ്ടതുണ്ട്. വിവരം അറിഞ്ഞയുടന്‍ പൊലീസും പ്രദേശവാസികളും സ്ഥലത്തെത്തി പരിക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുജറാത്തിലെ ദുരന്തം:ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു ഗുജറാത്തിലെ മോര്‍ബി മേഖലയില്‍ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നത്. ഒക്‌ടോബര്‍ 30ന് നടന്ന അപകടത്തില്‍ 134 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം, അടുത്തിടെയായിരുന്നു മോര്‍ബിയില്‍ തൂക്കുപാലം യാത്രക്കാര്‍ക്കായി തുറന്നുനല്‍കിയത്. അവധി ദിനമായതിനാല്‍ പാലത്തില്‍ സാധാരണയിലും അധികം തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതാണ് പാലം തകരാനുള്ള കാരണമെന്നാണ് കണ്ടെത്തല്‍.
നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നതോടെ നിരവധിപേര്‍ വെള്ളത്തിലേയ്‌ക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേയ്‌ക്കെത്തിച്ചത്. മേഖലയില്‍ ദീര്‍ഘ സമയം രക്ഷപ്രവര്‍ത്തനം തുടര്‍ന്നിരുന്നു.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയും നഷ്‌ടപരിഹാരം ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, രണ്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 വീതവും പ്രധാന മന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു. ദാരുണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങി നിരവധി പേര്‍ അനുശോചനം അറിയിച്ചിരുന്നു.
ദുരിതത്തില്‍ സ്വമേധയ കേസെടുത്ത് ഹൈക്കോടതി: 1922 വരെ മോര്‍ബി ഭരിച്ചിരുന്ന സര്‍ വാഗ്‌ജി താക്കൂര്‍, കൊളോണിയല്‍ സ്വാധീനത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൊണ്ട് ദര്‍ബര്‍ഗ് കൊട്ടാരത്തെ നസര്‍ബാഗ് കൊട്ടാരവുമായി(അന്നത്തെ രാജകുടുംബത്തിന്‍റെ വസതികള്‍) ബന്ധിപ്പിക്കുന്നതിനാണ് പാലം നിര്‍മിച്ചത്. യൂറോപ്പില്‍ അക്കാലത്ത് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു 1.25 മീറ്റര്‍ വീതിയും 233 മീറ്റര്‍ നീളവുമുള്ള പാലത്തിന്‍റെ നിര്‍മാണം.
അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് കോടതി നടപടികള്‍ ആരംഭിച്ചത്.