ന്യൂഡൽഹി : ഗാസിയാബാദിലെ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനൊപ്പമുള്ള പാൽ കുടിച്ചതിനെ തുടർന്ന് കുട്ടികളുടെ ആരോഗ്യനില വഷളായതായി അധികൃതർ.(Food poisoning after drinking milk at school). ലോനിയിലെ പ്രേം നഗറിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്‌കൂളിൽ സാധാരണ ദിവസങ്ങളിലെ പോലെ തന്നെ ബുധനാഴ്‌ചയും കുട്ടികൾ പാൽ കുടിച്ചതായാണ് വിവരം.എന്നാല്‍ പാൽ കുടിച്ചയുടനെ സ്‌കൂൾ കുട്ടികൾക്ക് വയറുവേദന, തലവേദന, ഛർദ്ദി എന്നിവ അനുഭവപ്പെടുന്നതായി പരാതിപ്പെടാൻ തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തി കുട്ടികളെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധ 25 കുട്ടികള്‍ക്കെങ്കിലും ബാധിച്ചിട്ടുള്ളതായാണ് വിവരം. ഇതിനിടെ ഗാസിയാബാദിലെ ചീഫ് മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി കുട്ടികളുടെ അവസ്ഥ വിലയിരുത്തി.
നിലവിൽ ചികിത്സയിൽ കഴിയുന്ന എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം. അസുഖത്തിന്‍റെ യഥാർത്ഥ കാരണം അറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാൽ ബുധനാഴ്‌ച സ്‌കൂളിൽ ഇവർക്ക് നൽകിയ പാലിന് പുളിയുണ്ടായിരുന്നെന്നും അത് കേടായതായിരിക്കാം എന്നും വിദ്യാർഥിയായ മുഹമ്മദ് പറയുന്നു.
പാൽ കുടിച്ചതിന് തൊട്ടുപിന്നാലെ കുട്ടികളുടെ ആരോഗ്യം ഉടനെ വഷളാകാൻ തുടങ്ങി. സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും തലവേദനയും അനുഭവപ്പെട്ടതായി ചീഫ് മെഡിക്കൽ ഓഫീസർ ഭവതോഷ് ശംഖധർ പറഞ്ഞു. ആരോഗ്യവകുപ്പ് സംഘം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മരുന്നുകളും കുത്തിവയ്പ്പുകളും നൽകിയിട്ടുണ്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാ കുട്ടികളുടെയും നില ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.