നാമക്കൽ :തമിഴ്‌നാട്ടിൽ ചിക്കൻ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ചു (Food Poison Death in Tamil Nadu). നാമക്കൽ (Namakkal) ശാന്തിപ്പേട്ട പുത്തൂർ സ്വദേശിനിയായ കലൈയരസിയാണ് മരിച്ചത്. ഇതേ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച 43 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ ജില്ലയിൽ താത്കാലികമായി ഷവർമ നിരോധിച്ച് കലക്‌ടർ ഉത്തരവിട്ടു (Shawarma banned in Namakkal). കലൈയരസിയും കുടുംബവും നാമക്കൽ ജില്ലയിലെ പരമത്തി റോഡിലെ ഐവിൻസ് എന്ന ഹോട്ടലിൽ നിന്നാണ് ഷവർമയും ബിരിയാണിയും കഴിച്ചത്. ഭക്ഷണം കഴിച്ച് തിരികെ വീട്ടിലെത്തിയ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് കുടുംബത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്‌ടർമാരില്ലാതിരുന്നതിനാൽ നഴ്‌സുമാർ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. തിരികെ വീട്ടിലെത്തിയതിന് പിന്നാലെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയും മരിക്കുകയുമായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ കുടുംബത്തിലെ ബാക്കി മൂന്ന് പേർ അബോധാവസ്ഥയിലാണ്. മൂവരും നാമക്കൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതേ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച നാമക്കൽ സർക്കാർ മെഡിക്കൽ കോളജിലെ 13 വിദ്യാർഥികളും ചികിത്സയിലാണ്. സെപ്റ്റംബർ 16ന് രാത്രിയാണ് വിദ്യാർഥികൾ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഇവർ ഷവർമയും ഗ്രിൽഡ് ചിക്കനും ചിക്കൻ റൈസും കഴിച്ച് രാത്രി കോളജ് ഹോസ്റ്റലിലേക്ക് മടങ്ങി. എന്നാൽ ഭക്ഷണം കഴിച്ച് തിരികെയെത്തിയ കുട്ടികൾക്ക് ഛർദ്ദിയും ബോധക്ഷയവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ 13 പേരും ഇപ്പോഴും ചികിത്സയിലാണ്.