ബെംഗളൂരു: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ് . ദിവസ വേതനക്കാരും അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഒരു നേരത്തെ ആഹാരത്തിനായി വലയുന്നു. പട്ടിണിയിലും ദാരിദ്ര്യത്തിലുമായ വലിയൊരു സമൂഹം സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ കടുത്ത പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുകയാണ് കര്‍ണാടകയിലെ ചിക്കമംഗളൂരുവിലുള്ള സഹായ എന്ന കൂട്ടായ്മ. അടച്ചുപൂട്ടലില്‍ പട്ടിണിയിലായവര്‍ക്ക് ഭക്ഷണമെത്തിക്കുകയാണിവർ.
കനിവുള്ളവരുടെ ഈ കൂട്ടായ്മ ഒരു വിളിപ്പുറത്തുണ്ട്. ഒരു ഫോണ്‍കോളില്‍ ആഹാരവുമായി യുവസംഘം വീട്ടുമുറ്റത്തെത്തും. ജില്ലയില്‍ എല്ലാഭാഗത്തും ഇവർ ഭക്ഷണമെത്തിക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് മാത്രമല്ല. ആവശ്യക്കാര്‍ ആരായാലും സഹായമെത്തിക്കും. ദിവസേന നിരവധി ഫോണ്‍ കോളുകളാണ് എത്തുന്നത്. ആശുപത്രിയിലുള്ളവര്‍ക്കും കൊവിഡ് രോഗികള്‍ക്കും ഇവരുടെ സഹായം ലഭ്യമാണ്.