ബെംഗളൂരു: ബ്യാട്ടരായണപുര ആര്‍ആര്‍ നഗര്‍ മെട്രോ സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ ഫുഡ് ഡെലിവെറി ബോയ്‌ക്ക് ദാരുണാന്ത്യം. കാറിടിച്ച് റോഡില്‍ വീണ ഡെലിവറി ബോയ്‌യുമായി കാര്‍ 100 മീറ്റര്‍ ദൂരം സഞ്ചരിച്ചു. പ്രസന്ന കുമാര്‍ എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ വിനായകിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ഇന്നലെ (ജൂണ്‍ 18) രാത്രിയാണ് സംഭവം. വിജയനഗര്‍ സ്വദേശിയായ വിനായക് രാരാജിനഗറിലെ മഹീന്ദ്ര ഷോറൂമില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയാണ്. ഇന്നലെ ഇയാള്‍ക്ക് ഇന്‍സെന്‍റീവ് ലഭിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.
പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് പ്രസന്ന കുമാറിന്‍റെ ബൈക്കില്‍ വിനായകന്‍ ഓടിച്ച കാര്‍ ഇടിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ കാര്‍ ഇടിച്ചത് അറിഞ്ഞിരുന്നില്ല. പ്രസന്ന കുമാറിനെയും വലിച്ചിഴച്ച് കാര്‍ മുന്നോട്ടു പോയി. ഇത് ശ്രദ്ധയില്‍ പെട്ട മറ്റ് വാഹനയാത്രികര്‍ കാറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
യാത്രക്കാര്‍ കാര്‍ തടഞ്ഞതോടെ വിനായകന് ഒപ്പമുണ്ടായിരുന്ന മൂന്ന് പെണ്‍സുഹൃത്തുക്കളും ഒരു യുവാവും ഓടി രക്ഷപ്പെട്ടു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വിനായകനെ ആളുകള്‍ പിടികൂടുകയായിരുന്നു. കാറിന്‍റെ ചില്ല് തകര്‍ക്കുകയും വിനായകനെ നാട്ടുകാര്‍ മര്‍ദിക്കുകയും ചെയ്‌തു. ശേഷം ബ്യാട്ടരായണപുര ട്രാഫിക് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. ബ്യാട്ടരായണപുര ട്രാഫിക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ ബ്യാട്ടരായണപുര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.