ന്യൂഡൽഹി : കോൾഗേറ്റ് പാമോലിവ് ഇന്ത്യയ്‌ക്കെതിരെ മഹാരാഷ്‌ട്രയിലെ എഫ്എംസിജി വിതരണക്കാർ. പരമ്പരാഗത, ബിസിനസ്-ടു-ബിസിനസ് വിതരണക്കാർക്കിടയിൽ കോള്‍ഗേറ്റ് പാമോലിവ് ഉത്പന്നങ്ങളുടെ വിലയിലുള്ള വ്യത്യാസത്തെ സംബന്ധിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കമ്പനിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോൾഗേറ്റ് പാമോലിവ് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എഫ്എംസിജി വിതരണക്കാർ.
പരമ്പരാഗത വ്യാപാരികളും ജിയോമാർട്ട്, വാൾമാർട്ട്, മെട്രോ ക്യാഷ് & കാരി, ബുക്കർ, ഇലാസ്റ്റിക് റൺ, ഉഡാൻ പോലുള്ള ബിസിനസ്-ടു-ബിസിനസ് വ്യാപാരികളും തമ്മിൽ ഉത്പന്നങ്ങളുടെ വിലയിലുള്ള അന്തരത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് എഫ്എംസിജി വിതരണക്കാർ.
Also Read: ഇ ഫയലിങ് പോര്‍ട്ടലിലൂടെ സമര്‍പ്പിക്കപ്പെട്ടത് 5.89 കോടി അദായ നികുതി റിട്ടേണുകള്‍
ബിസിനസ്-ടു-ബിസിനസ് വിതരണക്കാർ മറ്റ് വിതരണക്കാർക്കും പ്രാദേശിക കടകൾക്കും എഫ്എംസിജി നൽകുന്നതിനേക്കാൽ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ നല്‍കുന്നു. അത് എഫ്എംസിജിയുടെ പ്രവർത്തനങ്ങളെയും കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ ജിയോ മാർട്ട് പോലുള്ളവ നൽകുന്ന വിലയ്ക്ക് തങ്ങൾക്കും നൽകാൻ കഴിയണമെന്നും അതിന് അനുസൃതമായ വിലക്ക് തങ്ങൾക്ക് ഉത്പന്നങ്ങള്‍ ലഭിക്കണമെന്നും എഫ്എംസിജി വിതരണക്കാർ ആവശ്യപ്പെടുന്നു. മറ്റ് കമ്പനികൾ വിതരണക്കാരുടെ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കോള്‍ഗേറ്റ് പാമോലിവ് വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാത്തതിനാലാണ് മുന്നറിയിപ്പുമായി എഫ്എംസിജി രംഗത്തെത്തിയിരിക്കുന്നത്.
ജനുവരി 1 മുതൽ ഒരാഴ്‌ചത്തേക്ക് മഹാരാഷ്‌ട്രയിലെ വിതരണക്കാർ ആരും കോൾഗേറ്റ് മാക്‌സ് ഫ്രഷ് വിൽക്കില്ലെന്നും അതിനുശേഷവും വിതരണക്കാരുമായി ചർച്ചക്ക് തയാറായില്ലെങ്കിൽ അടുത്തയാഴ്‌ച കോള്‍ഗേറ്റ് വേദ് ശക്തിയും വിൽക്കില്ലെന്ന് ഓൾ ഇന്ത്യ കൺസ്യൂമർ പ്രൊഡക്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.