മണാലി: ഹിമാചൽ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് സാഹസികത. അതുകൊണ്ടാണ് സഞ്ചാരികൾ റിവർ റാഫ്‌റ്റിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾ തെരഞ്ഞെടുക്കുന്നത്. ഇനി മണാലി സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്ക് സാഹസികതയ്‌ക്കൊപ്പം ഭക്ഷണവും പ്രകൃതിഭംഗിയും ആസ്വദിക്കാം.
രാജ്യത്തെ മൂന്നാമത്തെ ആകാശ ഭക്ഷണശാല മണാലിയിൽ പ്രവർത്തനം ആരംഭിച്ചു. നിരവധി വിനോദ സഞ്ചാരികളാണ് ദിനംപ്രതി ഈ ഫ്ലൈ ഡൈനിങ് റസ്റ്റോറന്‍റിലേക്ക് ഒഴുകിയെത്തുന്നത്.
45 മിനിട്ട് നേരം ആകാശ സവാരി: ഒരേസമയം 24 പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള മേശ പോലുള്ള ഡെക്ക് മണാലിയിലെ ആകാശ ഭക്ഷണശാലയില്‍ ഒരുക്കിയിട്ടുണ്ട്. ഹൈഡ്രോളിക് ക്രെയിനിലാണ് ഈ ഡെക്ക് ഘടിപ്പിച്ചിരിക്കുന്നത്. തീൻമേശ അന്തരീക്ഷത്തിൽ ആടുന്നത് പോലെയാണ് ഇതിന്‍റെ നിർമാണം. ഷെഫും വെയിറ്റർമാരുമെല്ലാം ഇതിലുണ്ട്. 45 മിനിട്ട് സവാരി വാഗ്‌ദാനം ചെയ്യുന്ന റസ്റ്റോറന്‍റിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ മൂന്നാമത്തെ ഫ്ലൈയിങ് റസ്റ്റോറന്‍റ് മണാലിയിൽ ഡൈനിങ് ടേബിളിൽ ഇരിക്കുന്നവരെ 160 അടി ഉയരത്തിലേക്ക് കൊണ്ടുപോകും. അവിടെ നിന്നും സഞ്ചാരികൾക്ക് മണാലിയുടെ പനോരമിക് കാഴ്‌ച ആസ്വദിക്കാം. റോഹ്‌താങ് മുതൽ ഹംത വരെയുള്ള മലകൾ ഭക്ഷണശാലയിലിരുന്ന് കാണാം. ഉച്ചഭക്ഷണത്തിനു പുറമേ അത്താഴവും 160 അടി ഉയരത്തിൽ നക്ഷത്രനിബിഡമായ ആകാശത്ത് മണാലിയിലെ ലൈറ്റുകൾ കണ്ടുകൊണ്ട് ആസ്വദിക്കാം. പ്രത്യേകം രൂപകൽപന ചെയ്ത ഈ ഡെക്കിന് മുകളിൽ വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകാൻ മേൽക്കൂരയും നിർമിച്ചിട്ടുണ്ട്.
രാജ്യത്തെ മൂന്നാമത്തെ ഫ്ലൈയിങ് റസ്റ്റോറന്‍റ് മണാലിയിൽ രാജ്യത്ത് മൂന്നാമത്തേത്: ഹിമാചലിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തേതുമാണ് ഈ ആകാശ ഭക്ഷണശാല. നോയിഡയിലും ഗോവയിലുമാണ് ഇതിനുമുൻപ് ഇത്തരം റസ്റ്റോറന്‍റുകൾ സ്ഥാപിച്ചിട്ടുള്ളത്. സ്‌പോട്ട് ബുക്കിങ്ങിന് പുറമേ ഓൺലൈൻ ബുക്കിങ്ങിനും ഇവിടെ സൗകര്യമുണ്ട്. ഭക്ഷണം കഴിക്കുന്നതിനു പുറമെ ജന്മദിനങ്ങളും വിവാഹ വാർഷികങ്ങളും ആഘോഷിക്കാനെത്തുന്നവരും നിരവധി ആണെന്ന് റസ്റ്റോറന്‍റ് നടത്തിപ്പുകാരൻ പറയുന്നു. 3999 രൂപയാണ് ഫ്ലൈയിങ് റസ്റ്റോറന്‍റിൽ പ്രവേശിക്കുന്നതിന് ഒരാൾക്കുള്ള ഫീസ്.
രാജ്യത്തെ മൂന്നാമത്തെ ഫ്ലൈയിങ് റസ്റ്റോറന്‍റ് മണാലിയിൽ ഹിമാചലിലെ മാണ്ഡി സ്വദേശിയും വ്യവസായിയുമായ ദാമൻ കപൂറാണ് റസ്റ്റോറന്‍റ് ആരംഭിച്ചത്. റസ്റ്റോറന്‍റിൽ മികച്ച സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദാമൻ പറയുന്നു. റസ്റ്റോറന്‍റിൽ ഉപയോഗിച്ചിരിക്കുന്ന ക്രെയിനിന്‍റെ ശേഷി 180 മെട്രിക് ടൺ ആണ്. ഒരുസമയം റസ്റ്റോറന്‍റിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ പരമാവധി ഭാരം 7.5 മെട്രിക് ടൺ ആണ്. സർട്ടിഫിക്കേഷൻ ഉള്ള കസേരകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
രാജ്യത്തെ മൂന്നാമത്തെ ഫ്ലൈയിങ് റസ്റ്റോറന്‍റ് മണാലിയിൽ 100% സുരക്ഷിതം: ചെന്നൈ ഐഐടിയിൽ നിന്നും ഹിമാചലിലെ പിഡബ്ല്യുഡി വകുപ്പിൽ നിന്നും ആകാശ ഭക്ഷണശാലയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഒരു ഫ്ലൈ ഡൈനിങ് റൈഡിന് 50 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയും ഉണ്ട്. 2008 മുതൽ ലോകമെമ്പാടുമുള്ള 67 രാജ്യങ്ങളിൽ ഇത്തരം റസ്റ്റോറന്‍റുകൾ പ്രവർത്തിക്കുന്നു. എന്നാൽ ഇന്നുവരെ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും ഇത് 100% സുരക്ഷിതമാണെന്നും ദാമൻ കപൂർ പറയുന്നു.
മെയ് അവസാനം ഹിമാചൽ പ്രദേശ് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് താക്കൂർ റസ്റ്റോറന്‍റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം മേഖലയിലെ നാഴികക്കല്ലായി മണാലിയിൽ ഫ്ലൈ ഡൈനിങ് റസ്റ്റോറന്‍റ് മാറുമെന്ന് താക്കൂർ പറഞ്ഞു.
160 അടി ഉയരമുള്ള ഈ ഫ്ലൈ ഡൈനിങ് റസ്റ്റോറന്റിൽ ഇരുന്നുകൊണ്ട് വിനോദസഞ്ചാരികൾക്ക് കുളു മണാലിയിലെ രുചികരമായ വിഭവങ്ങൾ ആസ്വദിക്കാൻ മാത്രമല്ല, റാണിസുയി, ഇന്ദ്രകില, ഹംത, റോഹ്താങ് കുന്നുകൾ എന്നിവ കാണാനും കഴിയും. സംസ്ഥാനത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായകമാകും. ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും പോലും വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുകയാണ്.