ഗുവാഹത്തി :അസമിലെ വെള്ളപ്പൊക്കം കൂടുതല്‍ വ്യാപിക്കുന്നു. സംസ്ഥാനത്ത്കൂടി ഒഴുകുന്ന പ്രധാന നദികളായ ബ്രഹ്‌മപുത്ര, ബരാക് എന്നിവയും അവയുടെ പോഷക നദികളിലും അപകടകരമായ രീതിയില്‍ വെള്ളം ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
സംസ്ഥാനത്തെ 27 ജില്ലകളിലെ 1,413 ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ബാധിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നഗോണ്‍, കച്ചാര്‍, ഹൊജായി എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം ഗുരുതരമായി ബാധിക്കപ്പെട്ടത്. 248 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 48,304 പേരെ താമസിപ്പിച്ചിട്ടുണ്ട്.
അസമില്‍ വെള്ളപ്പൊക്കം ഗുരുതരമായി തുടരുന്നു; അയല്‍സംസ്ഥനങ്ങളുമായുള്ള കര ബന്ധം വിച്ഛേദിക്കപ്പെട്ടു ഇതുവരെ ഒമ്പത് പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കച്ചാര്‍ ജില്ല ഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്‌ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ചെറുവാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിനും ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി.
അസമിനെ ത്രിപുര,മിസോറാം, മണിപ്പൂര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡുകളും റെയില്‍വേ പാളങ്ങളും കനത്ത മഴ കാരണം തടസപ്പെട്ടിരിക്കുകയാണ്. ദിമഹസൊ ജില്ലയിലെ മണ്ണിടിച്ചിലില്‍ റോഡുകളും റെയില്‍വേ ട്രാക്കുകളും തകര്‍ന്നു.