ബെംഗളൂരു: കർണാടകയിൽ കനത്ത മഴയിൽ വ്യാപക നാശ നാശനഷ്ടം. തെക്കൽ കർണാടകയിലും വടക്കൻ കർണാടകയിലും ഒരു പോലെ നാശ നഷ്ടമുണ്ടായി. വടക്കൻ കർണാടക നഗരമായ കർവാറിൽ കനത്ത മഴയെ തുടർന്ന മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. യെല്ലാപ്പൂരും അംഗോളയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാതയിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു.
റോഡിന്‍റെ ഇരുവശവും വെള്ളം പൊങ്ങി റോഡ് മറഞ്ഞതോടെ യാത്രക്കാർ ദുരിതത്തിലായി. മണിക്കൂറുകൾക്ക് ശേഷം പൊലീസും ഫയർഫോഴ്സും എത്തി റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അതേസമയം വടക്കൻ കർണാടകയിലെ സിർസി മേഖലയിൽ ഹുബ്ലിയിൽ നിന്നും യെല്ലാപൂരിലെ ഷെർലി വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ ആറ് പേരെ കാണാതായി. മൈസൂരിലും സ്ഥിതി വളരെ മോശമാണ്. വയനാട് പ്രദേശത്ത് തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് കബനി ജലസംഭരണി തുറന്ന് വിട്ടതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വ്യാഴാഴ്ച രാത്രിയോടെ 22,180 ക്യുസെക്‌സ് ജലമാണ് കബനി ജലസംഭരണിയിൽ എത്തിയത്.
കനത്തെ മഴയെ തുടർന്ന് കർണാടകയിൽ വ്യാപക നാശം; പലയിടങ്ങളും വെള്ളത്തിനടിയിൽ ബോട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു
അംഗോള പ്രദേശത്തെ ഷിറൂർ ഗ്രാമത്തിൽ ആളുകളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റുന്നതിനിടെ ബോട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. വടക്കൻ മേഖലയില്‍ തുടർച്ചയായി പെയ്യുന്ന മഴയിൽ ഗംഗാവലി നദിയും കരകവിഞ്ഞൊഴുകി. ഈ പ്രദേശങ്ങളിൽ അമ്പതിലധികം വീടുകളാണ് വെള്ളത്തിനടിയിലായത്. ബാഗൽകോട്ട് ജില്ലയിൽ കൃഷ്ണ നദി കരകവിഞ്ഞ് ഒഴുകി. ജാംഖണ്ഡി താലൂക്കിലെ മുപ്പതോളം ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്നാണ് കൃഷ്ണ നദി നിറഞ്ഞ് ഒഴുകുന്നത്.
ജൂലൈ 26 വരെ കനത്ത മഴ ലഭിക്കും
അതേസമയം സംസ്ഥാനത്ത് ജൂലൈ 26 വരെ കനത്ത മഴ ലഭിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കർണാടകയിലെ തീരദേശ പ്രദേശങ്ങളിൽ ജൂലൈ 23 ന് ഓറഞ്ച് അലർട്ടും ജൂലൈ 24 മുതൽ 26 വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക്, തെക്കൻ കർണാടകയിലെ നിരവധി പ്രദേശങ്ങളിൽ ജൂലൈ 24 വരെ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Also read: റെക്കോഡ് ഭേദിച്ച് മഴ; മഹാരാഷ്ട്രയില്‍ വ്യാപക മണ്ണിടിച്ചില്‍, മരണം 36