ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന് ജമ്മുവിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കം. അപകടസാധ്യത കണക്കിലെടുത്ത് കത്രയില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള യാത്ര നിരോധിച്ചു. നിലവില്‍ ക്ഷേത്ര പരിസരത്തുള്ളവരെ സഞ്‌ജിചാട്ടിലേക്കും പിന്നീട് കത്രയിലേക്കും സുരക്ഷിതമായി എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കം, തീര്‍ഥാടനം താത്‌കാലികമായി നിര്‍ത്തിവച്ചു
കത്രയില്‍ പെയ്‌ത കനത്ത മഴയെ തുടര്‍ന്നാണ് മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കം ഉണ്ടായത്. അപകടസാധ്യത കണക്കിലെടുത്ത് കത്രയില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള യാത്ര നിരോധിച്ചു. ക്ഷേത്ര പരിസരത്തുള്ളവരെ സുരക്ഷിതമായി കത്രയിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു
പ്രദേശത്ത് പൊലീസിനെയും സിആര്‍പിഎഫിനെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും അനിഷ്‌ട സംഭവങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കത്രയില്‍ പെയ്‌ത കനത്ത മഴയാണ് വെള്ളപ്പൊക്കത്തന് കാരണമായത്.
മഴ പെയ്യുമ്പോള്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഹിംകോട്ടി പാതയും താത്ക്കാലികമായി അടച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ മെഡിക്കൽ യൂണിറ്റുകളും ദുരന്തനിവാരണ സംഘങ്ങളും തയാറാണെന്നും അധികൃതര്‍ അറിയിച്ചു.