ഗുവാഹത്തി: അസമിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് ലക്ഷത്തോളം പേര്‍ ദുരിതത്തിലെന്ന് ഔദ്യോഗിക റിപ്പോട്ടുകള്‍. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
അതേസമയം അപകടകരമാം വിധം ഉയര്‍ന്ന ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് താഴ്‌ന്നിട്ടുണ്ടെന്ന് സെൻട്രൽ വാട്ടർ കമ്മിഷൻ അറിയിച്ചു. പുതിമാരി, പഗ്ലാഡിയ നദികളിലെ ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 16 ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്. നൽബാരി ജില്ലയില്‍ 80,000 പേരെയും ബാർപേട്ട ജില്ലയില്‍ 73,000 പേരെയുമാണ് സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയത്. ഇരു ജില്ലകളിലുമായി 140 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
രക്ഷാപ്രവര്‍ത്തനം സജീവം: എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, വിവിധ ഏജന്‍സികള്‍ എന്നിവരുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. ബിശ്വനാഥ്, ദരാങ്, കൊക്രജാർ ജില്ലകളിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നതും ആശങ്കയ്‌ക്ക് വഴിവച്ചു .
നാശം വിതച്ച് വെള്ളപ്പൊക്കം: ബജാലി, ബക്‌സ, ബാർപേട്ട, കച്ചാർ, ചിരാങ്, ദരാങ്, ധേമാജി, ധുബ്രി, ഗോൾപാറ, കരിങഞ്ച്, കൊക്രജാർ, മജുലി, നൽബാരി തുടങ്ങി വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി നാശ നഷ്‌ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിരവധിയിടങ്ങളില്‍ റോഡുകളും പാലങ്ങളും തകര്‍ന്നു. ബക്‌സ, ബിശ്വനാഥ്, ബോംഗൈഗാവ്, ചിരാങ്, ധുബ്രി, കൊക്രജാർ, ദിബ്രുഗഡ്, ശിവസാഗർ, സോണിത്പൂർ, സൗത്ത് സൽമാര, ഉദൽഗുരി, താമുൽപൂർ എന്നിവിടങ്ങളിള്‍ വ്യാപക മണ്ണിടിച്ചില്‍ ഉണ്ടായി. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.
നിരവധി വീടുകളില്‍ വെള്ളം കയറി. മരങ്ങളും വൈദ്യുതി തൂണുകളും മറിഞ്ഞ് വീണ് നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വെള്ളപ്പൊക്കത്തില്‍ 3,46 639 വളര്‍ത്ത് മൃഗങ്ങളും ദുരിതത്തിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ ജില്ലകളിലായി 14,091.90 ഹെക്‌ടര്‍ കൃഷി വെള്ളത്തിനടിയിലായി.
ബിപര്‍ജോയ് ചുഴലിക്കാറ്റ്:ഇന്ത്യയിലെ ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നാശം വിതച്ചതിന് പിന്നാലെയാണ് അസമിലെ വെള്ളപ്പൊക്കം. അറബി കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദം ഗുജറാത്തില്‍ ആഞ്ഞടിച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ തീരം തൊട്ടത്. ഗുജറാത്തില്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് രാജസ്ഥാന്‍ തീരം തൊട്ടപ്പോഴേക്കും ശക്തി കുറഞ്ഞിരുന്നു. രാജസ്ഥാനില്‍ മണിക്കൂറില്‍ 6,070 കിലോമീറ്റര്‍ വേഗതത്തില്‍ ആഞ്ഞടിച്ച കാറ്റ് വ്യാപക നാശ നഷ്‌ടമാണ് വിതച്ചത്.