ചെന്നൈ:യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിന്‍റെ എമർജൻസി വാതില്‍ തുറന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഡിസംബർ പത്തിന് നടന്ന സംഭവത്തിലാണ് ഡയറക്‌ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചത്. ഡിസംബർ 10ന് ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ഇൻഡിഗോ 6E-7339 വിമാനത്തിലാണ് സംഭവം.
ഡിസംബർ 29ന് തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്‌തിരുന്നു. രണ്ട് ബിജെപി നേതാക്കൾ നിരുത്തരവാദപരമായി വിമാനത്തിന്‍റെ അടിയന്തര വാതില്‍ തുറന്നത് യാത്രക്കാരെ പരിഭ്രാന്ത്രിയിലാക്കിയെന്നാണ് സെന്തില്‍ ബാലാജി ട്വീറ്റ് ചെയ്‌തത്. ഇതേ തുടർന്ന് സുരക്ഷ പരിശോധനകൾ നടക്കുകയും മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനത്തിന് യാത്ര തുടരാനായതെന്നും സെന്തില്‍ ബാലാജി ട്വീറ്റില്‍ പറയുന്നു.
വിമാനത്തിലെ അടിയന്തര വാതിലിന് സമീപം സുരക്ഷ മാർഗ നിർദ്ദേശങ്ങൾ കേട്ടുകൊണ്ടിരിക്കെ പെട്ടെന്ന് വാതില്‍ തുറക്കുകയായിരുന്നുവെന്ന് അതേ വിമാനത്തിലെ യാത്രക്കാരനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. ഉടൻ സുരക്ഷ പരിശോധനകൾ നടക്കുകയും അപകടം സംഭവിച്ചില്ലെന്ന് വിമാന അധികൃതർ ഉറപ്പാക്കുകയും ചെയ്‌തു. എന്നാല്‍ യാത്രക്കാർ പരിഭ്രാന്തരായെന്നാണ് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ടില്‍ പറയുന്നത്.