സത്‌ന: യാചക സംഘത്തിലെ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് സംഭവം. ജീവന്‍ ജ്യോതി കോളനിയി നിവാസിയായ രാകേഷ് വർമയാണ് (30) അറസ്റ്റിലായത്. പ്രതി നേരത്തെയും ബലാത്സംഗ കുറ്റത്തിന് ശിക്ഷ അനുഭവിച്ചയാളാണെന്ന് പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ:സത്‌നയിലെ കോട്വാലി സിറ്റി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജഗത്‌ദേവ് കുളത്തിന് സമീപം ബുധനാഴ്‌ച (16.08.2023) വൈകുന്നേരത്തോടെയാണ് സംഭവം. കുളത്തിന് സമീപം കുടുംബത്തോടൊപ്പം ഭിക്ഷ യാചിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്ന രാകേഷ് വർമ കുട്ടിയെ കാണാനിടയായി. ഇയാള്‍ കുട്ടിയെ പലതും പറഞ്ഞ് കൂടെക്കൂട്ടി സമീപത്തുള്ള ശിവക്ഷേത്രത്തിന് പിന്‍വശത്തെ മുറ്റത്ത് വച്ച് ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലംവിട്ടു.
ഈ സമയത്ത് കുട്ടിയെ കാണാതെ മാതാപിതാക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ സമീപത്തുള്ള പൊലീസ് സ്‌റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കുകയായിരുന്നു. പരാതി സ്വീകരിച്ച പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഈ തെരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ ശിവക്ഷേത്രത്തിന് പിറകിലുള്ള മുറ്റത്ത് ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്.
അന്വേഷണവുമായി പൊലീസ്: പൊലീസ് ഉടനെ തന്നെ കുട്ടിയെ സത്‌ന ജില്ല ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വിദഗ്‌ദ ചികിത്സയ്‌ക്കായി കുട്ടിയെ രേവ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. നിലവില്‍ അഞ്ചുവയസുകാരി ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ പ്രതിയെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സത്‌ന ചീഫ് പൊലീസ് സൂപ്രണ്ട് മഹേന്ദ്ര സിങ് അറിയിച്ചു.