ന്യൂഡല്‍ഹി: ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷകര്‍ ആരംഭിച്ച റിലേ ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. സതാബ്‌ദി റോയ്, പ്രാസുന്‍ ബാനര്‍ജി, പ്രതിമ മൊന്‍ദല്‍ തുടങ്ങിയ ടിഎംസി എംപിമാര്‍ സിംഗുവിലെത്തി കര്‍ഷകരെ നേരില്‍ കണ്ടു. കര്‍ഷകരുടെ അവകാശത്തിന് മാത്രമല്ല ജനാധിപത്യത്തെ ശക്തപെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് തുടരുമെന്ന് ടിഎംസി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
കര്‍ഷകരുടെ റിലേ ഉപവാസ സമരം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ - കാര്‍ഷിക നിയമങ്ങള്‍
തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ സിംഗുവിലെത്തി കര്‍ഷകരെ നേരില്‍ കണ്ടു.
കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കര്‍ഷകര്‍ റിലേ ഉപവാസ സമരം ആരംഭിച്ചത്. കിസാന്‍ ദിവസമായ ഇന്ന് എല്ലാ പൗരന്മാരും ഒരു നേരം ഭക്ഷണം ഉപേക്ഷിക്കണമെന്നും കര്‍ഷകര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇത് കൂടാതെ ഡിസംബര്‍ 25 മുതല്‍ 27 വരെ ഹരിയാന ടോള്‍പ്ലാസ വിട്ടുനല്‍കുമെന്നും കര്‍ഷകര്‍ അറിയിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നവംബര്‍ 26 മുതല്‍ കര്‍ഷകര്‍ രാജ്യത്തിന്‍റെ വിവിധ അതിര്‍ത്തികളില്‍ സമരത്തിലാണ്.