ന്യൂഡൽഹി:അഞ്ച് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 1,43,127 സജീവ കൊവിഡ് രോഗികളാണുള്ളത്. കേരള, മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്‌ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇതേ തുടർന്നാണ് രാജ്യത്തെ രോഗ വ്യാപന തോത് കുത്തനെ ഉയരുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിൽ കുറവില്ലാതെ കൊവിഡ്; രാജ്യത്തെ രോഗികളുടെ എണ്ണം ഉയരുന്നു - COVID-19 cases
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമെ രോഗവ്യാപനം തടയാനാകൂവെന്ന് ആരോഗ്യ മന്ത്രാലയം
രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകളിൽ നിലവിൽ മഹാരാഷ്ട്രയാണ് മുന്നില്‍. കഴിഞ്ഞ 24 മണികൂറിൽ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്തത് 6,112 കൊവിഡ് കേസുകളാണ്. കേരളമാണ് തൊട്ടു പിന്നാലെ നിൽക്കുന്ന സംസ്ഥാനം. ഇവയ്ക്ക് പുറമെ പഞ്ചാബ്, ചത്തീസ്‌ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് രോഗികളിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമെ രോഗവ്യാപനം തടയാനാകൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇത് വരെ 21,02,61,480 സാമ്പിൾ പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ 13 ദിവസത്തിനുള്ളിൽ ദേശീയ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി കുറഞ്ഞു. ഇപ്പോൾ 5.22 ശതമാനമാണ് ദേശീയ പോസിറ്റിവിറ്റി നിരക്ക്.