പഞ്ചാബിൽ കോണ്‍ഗ്രസിനെ ആപ്പിലാക്കി ആംആദ്‌മി. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സംസ്ഥാനത്ത് ആംആദ്മി നേടിയപ്പോള്‍ സമാനതകളില്ലാത്ത തകർച്ചയിലേക്കാണ് കോണ്‍ഗ്രസ് കൂപ്പുകുത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന 117 സീറ്റുകളിൽ 80 സീറ്റുകള്‍ക്ക് മുകളിൽ വിജയം ഉറപ്പിച്ച ആംആദ്‌മി പഞ്ചനദികളുടെ നാട്ടില്‍ ഭരണം അരക്കിട്ട് ഉറപ്പിച്ചു കഴിഞ്ഞു. അവസാനവട്ട കണക്കുകളിൽ എത്ര മണ്ഡലങ്ങള്‍ കൂടി കൈവിട്ട് ചൂലെടുത്തു എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
കർഷക രോഷം ഇരമ്പിയ സംസ്ഥാനത്ത് ബിജെപിയും, ശിരോമണി അകാലിദളും ഏറെ പിന്നിലാണ്. ഡൽഹിക്കു പുറത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ആംആദ്മി പിടിച്ചെടുത്തത്. തലസ്ഥാനത്തിന് പിന്നാലെ ആദ്യമായി ഒരു സംസ്ഥാനം കീഴടിക്കിയ ആംആദ്മി കൊടിയ ആത്മവിശ്വാസത്തിൽ വരും ദിവസങ്ങളിൽ ചൂലെടുക്കുമെന്നതിൽ തർക്കമില്ല. അതേസമയം ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഏറ്റ കനത്ത പ്രഹരം സംസ്ഥാനത്തെ ചടുല രാഷ്ട്രീയത്തെ കൂടുതൽ ചൂട് പിടിപ്പിക്കുമെന്നുറപ്പാണ്.
പടലപിണക്കളുടെ മൂർധന്യത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിനെ ജനങ്ങള്‍ പൂർണമായും കൈവിട്ടു എന്നതാണ് വസ്‌തുത. മുഖ്യമന്ത്രി ഛന്നി തെരഞ്ഞെടുപ്പിനെ നേരിട്ട രണ്ട് മണ്ഡലങ്ങളിലും പിറകിലാണ്. അമൃത്സറിൽ മത്സരിച്ച സിദ്ദു മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും തോൽവിയെ മുഖാമുഖം കാണുകയാണ്.