കേരളം

kerala

ETV Bharat / bharat

പഞ്ചസഭായുദ്ധത്തില്‍ ആര് വാഴും ആര് വീഴും ; ഫലമറിയാന്‍ മണിക്കൂറുകള്‍, സമഗ്ര അവലോകനം - elections 2022

ഗോവ, മണിപ്പൂർ, യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകള്‍ക്കകം പുറത്തുവരാനിരിക്കെ അഞ്ചിടങ്ങളിലെ സമഗ്ര തെരഞ്ഞെടുപ്പ് അവലോകനം

five states assembly election 2022 curtain raiser  five states assembly election 2022  പഞ്ചസഭാതെരഞ്ഞെടുപ്പ് 2022  ഗോവ, മണിപ്പൂർ, യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം  elections 2022  2022 നിയമസഭ തെരഞ്ഞെടുപ്പ്
പഞ്ചസഭായുദ്ധത്തില്‍ ആര് വാഴും വീഴും; ഫലമറിയാന്‍ മണിക്കൂറുകള്‍, നോക്കാം സമഗ്ര അവലോകനം

By

Published : Mar 9, 2022, 10:56 PM IST

ന്യൂഡൽഹി : ഗോവ, മണിപ്പൂർ, യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ആര് വാഴുമെന്ന ഉത്തരത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് നടന്നതെങ്കില്‍ മണിപ്പൂരില്‍ രണ്ടും ഉത്തർപ്രദേശില്‍ ഏഴും ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മണ്ഡലങ്ങൾ, സ്ഥാനാർഥികൾ എന്നിവയെക്കുറിച്ച് ജനവിധി അറിയുന്നതിനു തൊട്ടുമുന്‍പ് ഒരെത്തിനോട്ടം.

പഞ്ചാബ്

അതിർത്തി സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ യമണ്ടന്‍ പ്രചാരണത്തിന് ശേഷം ഫെബ്രുവരി 20 നാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഒറ്റഘട്ടമായാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. 117 മണ്ഡലങ്ങളിലെ 93 വനിതകൾ ഉൾപ്പെടെ 1,304 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. 1,02,00,996 സ്‌ത്രീകളുൾപ്പെടെ 2,14,99,804 വോട്ടർമാർ 24,740 പോളിങ് സ്‌റ്റേഷനുകളിലാണ് സമ്മതിദായകാവകാശം രേഖപ്പെടുത്തിയത്. ഇതിൽ 2,013 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണെന്ന് വിലയിരുത്തപ്പെട്ടു.

72 ശതമാനമാണ് സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്. 2017ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയാണ് സംസ്ഥാനം കോൺഗ്രസ് പിടിച്ചത്. എസ്.എ.ഡി - ബി.ജെ.പി സഖ്യത്തിന്‍റെ 10 വർഷത്തെ നീണ്ട ഭരണമാണ് ജനവിധി തകര്‍ത്തെറിഞ്ഞത്. എ.എ.പിയ്‌ക്ക് 20 സീറ്റുകൾ നേടാനായപ്പോൾ എസ്.എ.ഡി-ബി.ജെ.പി 18 സീറ്റുകളും രണ്ട് സീറ്റുകൾ ലോക് ഇൻസാഫ് പാർട്ടിയും നേടുകയുണ്ടായി.

ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സംസ്ഥാനത്തെത്തിയപ്പോള്‍ കോൺഗ്രസിനെ രാഹുല്‍ ഗാന്ധി മുന്നില്‍ നിന്നുനയിച്ചു. എ.എ.പിയുടെ പ്രചാരണത്തില്‍ ഓളം സൃഷ്‌ടിക്കാന്‍ അരവിന്ദ് കേജ്രിവാളും സംസ്ഥാനത്ത് തെരഞ്ഞടുപ്പ് സമയത്ത് സജീവമായിരുന്നു. കോൺഗ്രസ്, എ.എ.പി എന്നീ പാര്‍ട്ടികള്‍ ഒറ്റയ്ക്കാണ് മത്സരിച്ചത്. ശിരോമണി അകാലിദളും (എസ്.എ.ഡി) ബി.എസ്‌.പിയും ബി.ജെ.പി - പി.എൽ.സി-എസ്.എ.ഡി (സംയുക്ത്) എന്നിവരടങ്ങുന്ന മറ്റൊരുസഖ്യവുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

നിരവധി കർഷക സംഘടനകളുടെ രാഷ്ട്രീയ മുന്നണിയായ സംയുക്ത് സമാജ് മോർച്ച എന്നിങ്ങനെ നിരവധി സംഘടകള്‍ ഉള്‍പ്പടെ ബഹുകോണ മത്സരമാണ് സംസ്ഥാനത്ത് നടന്നത്. ഒരു വർഷം നീണ്ടുനിന്ന കര്‍ഷക സംഘടകളുടെ പ്രക്ഷോഭത്തിനൊടുവില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ക്കൂടിയുള്ളതായിരുന്നു തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി (ചാംകൂർ സാഹിബ് മണ്ഡലം), പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജോത് സിങ് സിദ്ധു (അമൃത്സർ ഈസ്റ്റ് മണ്ഡലം), മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് അധ്യക്ഷനുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് (പട്യാല മണ്ഡലം) എന്നിവരാണ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാനമുഖങ്ങള്‍.

ഇവരുടെ ഫലങ്ങളാണ് സ്ഥാനാര്‍ഥികളുടെകൂട്ടത്തില്‍ ഏവരും ഉറ്റുനോക്കുന്നത്. അമൃത്സർ ഈസ്റ്റ് സീറ്റിൽ സിദ്ദുവിനെതിരെ എസ്.എ.ഡിയുടെ ബിക്രം സിങ് മാജിതി മത്സരിച്ചപ്പോള്‍ ഇതേ പാര്‍ട്ടിയിലെ പ്രമുഖ നേതാവ് സുഖ്ബീർ സിങ് ബാദല്‍ ലാംബി മണ്ഡലത്തിൽ നിന്നും ജനവിധി തേടി. ആം ആദ്‌മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാൻ ധുരി നിയമസഭ സീറ്റിലാണ് മത്സരിച്ചത്.

ഉത്തര്‍പ്രദേശ്

403 സീറ്റുള്ള ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. തുടർച്ചയായ രണ്ടാം തവണയും ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 15,02,84,005 വോട്ടർമാരാണ് 4442 സ്ഥാനാർത്ഥികളുടെ വിധിയെഴുതുക.

എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. സമാജ്‌വാദി പാർട്ടിയുടെ നില വർധിക്കുമെന്നും എന്നാൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നുമാണ് പ്രവചനം. ബി.എസ്‌.പിക്ക് ഇരട്ട അക്കവും കോൺഗ്രസിന് ഒറ്റ അക്കവുമാണ് എക്സിറ്റ് പോളുകളുടെ പ്രവചനത്തില്‍ പറയുന്നത്. സംസ്ഥാനം തങ്ങൾ അനായാസമായി പിടിച്ച് സർക്കാർ രൂപീകരിക്കുമെന്നായിരുന്നു എസ്‌.പിയും ബി.എസ്‌.പിയും അവകാശവാദമുന്നയിച്ചതെങ്കിലും ഇതെല്ലാം തള്ളിക്കളയുന്നതായിരുന്നു പ്രവചനം.

വീണ്ടും അധികാരത്തിലെത്തിയാൽ മൂന്ന് പതിറ്റാണ്ടിനിപ്പുറം യു.പിയിൽ ഒരു പാർട്ടി തന്നെ വീണ്ടും അധികാരത്തിലെത്തുന്നതെന്ന റെക്കോര്‍ഡ് ബി.ജെ.പിയ്‌ക്ക് ലഭിക്കും. 2017ൽ ബി.ജെ.പി ഒറ്റയ്ക്ക് 312 സീറ്റുകൾ നേടിയപ്പോൾ എൻ.ഡി.എയുടെ ആകെ സ്‌റ്റ് 325 ആയിരുന്നു. എസ്‌.പി 47, ബി.എസ്‌.പി 19, കോൺഗ്രസ് ഏഴ്, അപ്നാ ദള്‍ ഒന്‍പത് എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികള്‍ നേടിയത്.

ബി.ജെ.പി ഇത്തവണ അപ്‌നാ ദൾ, നിഷാദ് പാർട്ടി എന്നിവരോടൊപ്പമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഖിലേഷ് യാദവ്, ആർ.എൽ.ഡി, ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌.ബി.എസ്‌.പി) എന്നിവയുമായി ചേര്‍ന്ന് മഴവില്ല് സഖ്യം രൂപീകരിയ്‌ക്കുകയുണ്ടായി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (ഗൊരാഖ്പൂർ അർബൻ), അഖിലേഷ് യാദവ് (കർഹാൽ), കേശവ് പ്രസാദ് മൗര്യ (സിറാത്ത്), സ്വാമി പ്രസാദ് മൗര്യ (ഫാസിൽ നഗർ), വിനയ് ശങ്കർ തിവാരി (ചില്ലുപാർ), അനിൽ രാജ്ഭർ (ശിവ്പൂർ), അബ്‌ദുല്ല അസം ഖാൻ (സുവാർ) എന്നിവരാണ് സംസ്ഥാനം ഉറ്റുനോക്കുന്ന സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും.

ഉത്തരാഖണ്ഡ്

13 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 70 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 14 നാണ് നടന്നത്. ഒറ്റ ഘട്ടമായാണ് ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. 152 സ്വതന്ത്രർ ഉൾപ്പെടെ 632 സ്ഥാനാർഥികളാണുണ്ടായിരുന്നത്. 81 ലക്ഷം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 65.4% പോളിങാണ് രേഖപ്പെടുത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ വോട്ടർമാര്‍ 81,72,173 ആണ്. 8,624 സ്ഥലങ്ങളിലായി 11,697 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചത്.

സംസ്ഥാനത്ത് ആദ്യമായി 'സഖി' എന്ന പേരിൽ 101 സ്‌ത്രീ പോളിങ് ബൂത്തുകൾ സ്ഥാപിയ്‌ക്കുകയുണ്ടായി. അർധസൈനിക വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ പൂർത്തിയാക്കിയത്. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 70-ൽ 57 സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. തുടർച്ചയായ രണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് ഉത്തരാഖണ്ഡിൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും സർക്കാർ മാറുന്ന സംസ്ഥാനത്തെ പ്രവണത മാറ്റാനാണ് പാർട്ടി ഇത്തവണ ശ്രമിച്ചത്.

2000-ൽ ഉത്തരാഖണ്ഡ് രൂപീകരിച്ചതിന് ശേഷം നടക്കുന്ന അഞ്ചാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണിത്. ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം കൗതുകരമായ ഫലമാവും നൽകിയേക്കുകയെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഗോവ

40 അസംബ്ലി സീറ്റുകളിലേക്കാണ് ഗോവയിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ തട്ടകമായ സംസ്ഥാനം പിടിക്കാന്‍ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി (എ.എ.പി) എന്നിവരാണ് തീവ്രശ്രമം നടത്തിയത്. വാശിയേറിയ ബഹുകോണ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടന്നത്. 301 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 78.94 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

ഗോവയിലെ 1,722 പോളിങ് സ്റ്റേഷനുകളിലായി 11.65 ലക്ഷം വോട്ടർമാരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്. ബി.ജെ.പി, കോൺഗ്രസ്, ആം ആദ്‌മി പാർട്ടി (എ.എ.പി), ഗോവ ഫോർവേഡ് പാർട്ടി (ജി.എഫ്‌.പി), തൃണമൂൽ കോൺഗ്രസ് പാർട്ടി (ടി.എം.സി), മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി), ശിവസേന, റവല്യൂഷണറി ഗോവക്കാർ പാർട്ടി, ഗോയഞ്ചോ സ്വാഭിമാൻ പാർട്ടി, ജയ് മഹാഭാരത് പാർട്ടി, സംഭാജി ബ്രിഗേഡ് എന്നീ പാർട്ടികളാണ് മത്സരഗോദയിലിറങ്ങിയത്.

2002 മുതലുള്ള കഴിഞ്ഞ നാല് ഗോവ തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്ന് മിക്ക അഭിപ്രായ സർവേകളും സൂചിപ്പിക്കുന്നു. 40 സീറ്റുകളുള്ള നിയമസഭയിൽ ഏതെങ്കിലും പാർട്ടി 21 എന്ന മാന്ത്രിക സംഖ്യ കടന്നത് ഒരു തവണ മാത്രമാണ്. സർക്കാർ രൂപീകരിക്കുന്ന ഏതൊരു പാർട്ടിക്കും താരതമ്യേനെ ചെറിയ പാർട്ടികള്‍, സ്വതന്ത്രര്‍ എന്നിവരുടെ സഹായം തേടേണ്ടി വന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. 2017 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പി 13 സീറ്റുകൾ നേടുകയുണ്ടായി.

എന്നാൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി ചില പ്രാദേശിക സംഘടനകളുമായും സ്വതന്ത്രരുമായും സഖ്യമുണ്ടാക്കി. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ ഇല്ലാതെ ബി.ജെ.പി മത്സരിക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. 2019 ലാണ് അദ്ദേഹം അന്തരിച്ചത്. ഭരണകക്ഷിയായ ബി.ജെ.പി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്‌മി പാർട്ടി, ശിവസേന എന്നിവയാണ് ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന പാര്‍ട്ടികള്‍. മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കര്‍ പിതാവിന്‍റെ മണ്ഡലമായിരുന്ന പനാജിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചത്.

പനാജി നിയമസഭ മണ്ഡലത്തിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം ബി.ജെ.പിയിൽ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു മത്സരം നടന്നത്. പനാജി മണ്ഡലത്തിൽ കോൺഗ്രസ് വിട്ടെത്തിയ അറ്റനാസിയോ ബാബുഷ് മോൺസെറേറ്റിനെയാണ് ബി.ജെ.പി മത്സരിപ്പിച്ചത്. 2019ൽ കോൺഗ്രസിൽ നിന്ന് മറ്റ് ഒന്‍പത് എം.എൽ.എമാർക്കൊപ്പം അദ്ദേഹം ബി.ജെ.പിയിൽ ചേരുകയായിരുന്നു.

സംസ്ഥാനത്തിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പനാജി നിയമസഭ സീറ്റിന് അതിന്റേതായ പ്രാധാന്യമുണ്ട്. പനാജിയെ പ്രതിനിധീകരിച്ച മുൻ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കളുടെ പൊടിപാറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഗോവ സാക്ഷ്യം വഹിച്ചത്.

മണിപ്പൂർ

മണിപ്പൂരിലെ 60 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ 38 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 22 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 265 സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നതിനായി 1,247 പോളിങ് സ്റ്റേഷനുകളിലായി 8.38 ലക്ഷം വോട്ടർമാർ തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്ത് 76.62% പോളിങാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ എൻ ബിരേൻ സിങ്, അസംബ്ലി സ്പീക്കർ വൈ ഖേംചന്ദ് സിങ്, ഉപമുഖ്യമന്ത്രിയും എൻ.പി.പി സ്ഥാനാർഥിയുമായ യുമ്‌നം ജോയ്‌കുമാർ, മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ എൻ ലോകേഷ് സിങ് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർഥികൾ.

ALSO READ:പാളം തെറ്റിയ ഫെഡറല്‍ ഫ്രണ്ട് ; വോട്ട് ഭിന്നിപ്പിന്‍റെ ചുഴികളും മലരികളുമായി യുപി

രണ്ട് പ്രധാന കോൺഗ്രസ് നേതാക്കളായ, മൂന്ന് തവണ മുഖ്യമന്ത്രിമാരുമായിരുന്ന ഒ ഇബോബി സിങ്, മുൻ ഉപമുഖ്യമന്ത്രി ഗൈഖംഗം ഗാങ്‌മേയ് എന്നിവർ ബി.ജെ.പി നേതാവും മുൻ ഐ.എ.എസ് ഓഫിസറുമായ ഡിംഗംഗ്‌ലുങ് ഗംഗേമിക്കെതിരെ നുങ്‌ബ നിയമസഭ മണ്ഡലത്തിൽ മത്സരിച്ചത് ശ്രദ്ധേയമായിരുന്നു. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ സംസ്ഥാനത്തിന് മാത്രമല്ല, മുഴുവൻ വടക്കുകിഴക്കൻ മേഖയും ഉറ്റുനോക്കുന്നതാണ്. വ്യാഴാഴ്ചത്തെ മണിപ്പൂർ തെരഞ്ഞെടുപ്പ് ഫലം അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കും.

2016 മുതൽ ബി.ജെ.പിയുടെ തട്ടകമായതാണ് ഈ സംസ്ഥാനം. പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ 2016-ൽ അസമിൽ ആദ്യമായി അധികാരത്തിലെത്തി. 2021-ൽ തുടർച്ചയായി രണ്ടാം തവണയും അധികാരം നിലനിർത്തി. മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ യഥാക്രമം 2017, 2018, 2019 വർഷങ്ങളിൽ അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് ബി.ജെ.പി. അഞ്ച് വർഷം പിന്നിടുമ്പോൾ, മണിപ്പൂർ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായുള്ള ബി.ജെ.പിയുടെ സഖ്യം വഷളാവുകയുണ്ടായി.

ഇപ്പോൾ നടന്ന മണിപ്പൂർ തെരഞ്ഞെടുപ്പിൽ, നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ.പി.എഫ്) എന്നീ പാര്‍ട്ടികളെ വിട്ട് ബി.ജെ.പി ഒറ്റയ്‌ക്കായാണ് മത്സരിച്ചത്. എൻ.പി.പിയും എൻ.പി.എഫും ബി.ജെ.പിക്കെതിരെ സ്ഥാനാർഥികളെ നിർത്തുക മാത്രമല്ല, വിമത ബി.ജെ.പി സിറ്റിങ് എം.എൽ.എമാരെ സ്വാധീനിക്കാൻ സഹായിക്കുകയും ചെയ്യുകയുണ്ടായി.

ABOUT THE AUTHOR

...view details