ഡെറാഡൂൺ : ആളുകളെ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങളിലൂടെ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസിയുടെ അഞ്ച് മരുന്നുകള്‍ ഉത്തരാഖണ്ഡില്‍ നിരോധിച്ചു. ആയുര്‍വേദ യുനാനി ലൈസന്‍സിങ് അതോറിറ്റിയുടേതാണ് നടപടി. രക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന ദിവ്യ ബിപിഗ്രിറ്റ്, പ്രമേഹത്തിനുപയോഗിക്കുന്ന ദിവ്യ മധുഗ്രിറ്റ്, ഗോയിറ്ററിന് നിര്‍ദേശിക്കുന്ന ദിവ്യ തൈഗ്രിറ്റ്, ഗ്ലോക്കോമയ്‌ക്ക് ഉപയോഗിക്കുന്ന ദിവ്യ ഐഗ്രിറ്റ്, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കുവാനായി പുറത്തിറക്കിയ മരുന്നായ ലിപിഡം എന്നിവയുടെ ഉത്പാദനമാണ് നിരോധിച്ചത്.
എന്നാല്‍, നിര്‍ദിഷ്‌ട മാനദണ്ഡങ്ങള്‍ പ്രകാരവും നിയമപരമായ എല്ലാ പ്രക്രിയകളും അനുസരിച്ചാണ് മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നതെന്നാണ് ദിവ്യ ഫാര്‍മസിയുടെ വാദം. പതഞ്ജലിയുടെ പരസ്യങ്ങള്‍ തെറ്റിധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ജൂലൈയില്‍ കേരളത്തിലെ ഡോക്‌ടറായ കെ വി ബാബു പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 11ന് ഡോ കെ വി ബാബു സംസ്ഥാനത്തെ ലൈസന്‍സിങ് അതോറിറ്റിക്ക് ഒരിക്കല്‍ കൂടി പരാതി മെയില്‍ അയയ്ക്കുകയായിരുന്നു.
മാധ്യമങ്ങളിലുടനീളം പ്രചരിക്കുന്ന പതഞ്ജലിയുടെ പരസ്യം എത്രയും വേഗം നീക്കം ചെയ്യണമെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ് കണ്‍ട്രോളര്‍& ജോയിന്‍റ് ഡയറക്‌ടറായ ഡോ. ജിസി എന്‍ ജന്‍ഗ്‌പങ്കി പതഞ്ജലിയോട് ആവശ്യപ്പെട്ടു. മരുന്നിന്‍റെ രൂപപ്പെടുത്തല്‍, ലേബല്‍ തുടങ്ങിയവയില്‍ മാറ്റം വരുത്തിയതിന് ശേഷം പുനര്‍ അംഗീകാരം ആവശ്യപ്പെടാനും മാറ്റം വന്നുവെന്ന അംഗീകാരം ലഭിച്ചതിന് ശേഷമേ ഉത്പാദനം ആരംഭിക്കാവൂവെന്നും സംസ്ഥാന ലൈസന്‍സിങ് അതോറിറ്റി പതഞ്ജലിയ്ക്ക് നിര്‍ദേശം നല്‍കി.എന്നിട്ടേ പരസ്യം നല്‍കാനും പാടുള്ളൂ. കൂടാതെ, ഒരാഴ്‌ചയ്‌ക്കകം കമ്പനിയോട് മറുപടി നല്‍കാനും അതോറിറ്റി ആവശ്യപ്പെട്ടു.