കേരളം

kerala

ETV Bharat / bharat

യുവതിയുമായി നാടുവിട്ട യുവാവിന്‍റെ മൂക്ക് ഛേദിച്ച സംഭവം; യുവതിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍ - മൂക്ക് ഛേദിച്ചു

രാജസ്ഥാന്‍ അജ്‌മീറിലാണ് സംഭവം. യുവതിയുമായി നാടുവിട്ട് വിവാഹം ചെയ്‌തതിലെ പകയാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭത്തില്‍ യുവതിയുടെ പിതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി

chopping nose of youth who eloped with woman in Ajmer  Five people arrested chopping nose of youth  chopping nose of youth  യുവാവിന്‍റെ മൂക്ക് ഛേദിച്ച സംഭവം  പൊലീസ്  മൂക്ക് ഛേദിച്ചു  കുശിനഗറിലെ ദുരഭിമാന കൊല
യുവാവിന്‍റെ മൂക്ക് ഛേദിച്ച സംഭവം

By

Published : Mar 22, 2023, 2:03 PM IST

അജ്‌മീര്‍: യുവതിയുമായി നാടുവിട്ട യുവാവിന്‍റെ മൂക്ക് ഛേദിച്ച സംഭവത്തില്‍ യുവതിയുടെ അച്ഛനും സഹോദരനും ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. ബീർബൽ ഖാൻ, ഇഖ്ബാൽ, ഹുസൈൻ, അമീൻ, മെഹ്‌റുദ്ദീൻ എന്നീ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്‌തതായി അജ്‌മീർ റേഞ്ച് ഇൻസ്പെക്‌ടര്‍ ജനറൽ രൂപീന്ദർ സിങ് അറിയിച്ചു. അക്രമത്തിന് ഇരയായ അജ്‌മീറിലെ ഇൻഡസ്‌ട്രിയൽ റിക്കോ ഏരിയയിൽ താമസിക്കുന്ന ഹമീദ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അഞ്ചു പേരെയും അറസ്റ്റ് ചെയ്‌തത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ജനുവരിയിലാണ് കാമുകിയുമായി ഹമീദ് നാടുവിട്ടത്. പിന്നീട് ഇവര്‍ വിവാഹം കഴിച്ചു. വിവാഹ ശേഷം അജ്‌മീറിലെത്തി റിക്കോ ഇൻഡസ്‌ട്രിയൽ ഏരിയയിലെ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ദമ്പതികള്‍. മാര്‍ച്ച് 18ന് വൈകിട്ട് നാലു മണിയോടെ ഹമീദിന്‍റെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ യുവാവിനെയും ഭാര്യയെയും മര്‍ദിച്ചു. അക്രമികള്‍ തന്‍റെ ഭാര്യയെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി റാറ്റൗവിലേക്ക് കൊണ്ടു പോയതായി ഹമീദ് പറഞ്ഞു.

മൂക്ക് ഛേദിച്ചു, വീഡിയോ എടുത്ത് പങ്കുവച്ചു:തുടര്‍ന്ന് തന്നെ മാരോത്ത് ഗ്രാമത്തിലെ ഒരു കുളത്തിന് സമീപം എത്തിച്ച് അവിടെ വച്ച് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മൂക്ക് ഛേദിക്കുകയായിരുന്നു എന്നും യുവാവ് പറഞ്ഞു. കൂടാതെ ആക്രമണത്തിന്‍റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു എന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

ആക്രമണത്തിന് ശേഷം ഹമീദിനെ പ്രതികള്‍ ഗ്രാമത്തിലെ മറ്റൊരു ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. ബോധ രഹിതനായ ഹമീദ് കുറച്ച് സമയം റോഡില്‍ കിടന്നു. പിന്നീട് ബോധം തിരിച്ച് കിട്ടിയപ്പോള്‍ അതുവഴി വന്ന ബസില്‍ കയറി പർബത്സറിൽ വന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ആശുപത്രി വിട്ട ഹമീദ് മാര്‍ച്ച് 19ന് ഗെഗാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഹമീദിനൊപ്പം യുവതി നാടുവിട്ടതിന് പിന്നാലെ യുവതിയുടെ പിതാവ് ബീര്‍ബല്‍ ഖാന്‍ മകളെ കാണാനില്ലെന്ന് കാണിച്ച് നാഗൗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യുവതി കാമുകനെ വിവാഹം ചെയ്‌തതായി പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

വിവാഹിതരായ യുവതിയും ഹമീദും അജ്‌മീറിലെത്തി റിക്കോ ഇൻഡസ്‌ട്രിയൽ ഏരിയയിലെ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ദമ്പതികളെ കുറിച്ച് വിവരം ലഭിച്ച യുവതിയുടെ കുടുംബം വീട്ടിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഹമീദും യുവതിയും ഒരേ സമുദായത്തില്‍ പെട്ടവരാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കുശിനഗറിലെ ദുരഭിമാന കൊല: ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ നദിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ദുരഭിമാന കൊലയെന്ന് ആരോപണം ഉയര്‍ന്നതോടെ അച്ഛനെയും സഹോദരനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഗ്രാമത്തിലെ ഒരു യുവാവുമായി യുവതി പ്രണയത്തിലായിരുന്നു എന്നും എന്നാല്‍ വീട്ടുകാര്‍ക്ക് സമ്മതമായിരുന്നില്ല എന്നും അയല്‍ക്കാര്‍ പറഞ്ഞു.

വിഷയത്തില്‍ ഇടക്കിടെ പെണ്‍കുട്ടിയുമായി വീട്ടുകാര്‍ വഴക്കിടാറുണ്ടായിരുന്നതായും മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും വഴക്കുണ്ടായിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു. രാജ്യത്ത് ഇത്തരത്തില്‍ നിരവധി ദുരഭിമാന കൊലകളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details