ഹനുമാൻഗർഹ് (രാജസ്ഥാൻ):ഉദയ്‌പൂർ കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തർസെം പുരി (26), മഹാവീർ പ്രസാദ് (35), റഹ്മത്ത് അലി, ഇക്‌ബാൽ ഹുസൈൻ (36), പിതാംബർ ലാൽ (21) എന്നിവരെയാണ് തിങ്കളാഴ്‌ച (04.07.2022) പൊലീസ് അറസ്റ്റ് ചെയ്‌തത്.
ശനിയാഴ്‌ച(02.07.2022) രാവിലെ ജയ്‌പൂരിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ ഉദയ്‌പൂർ വധക്കേസിലെ പ്രതികളെ കോടതി പരിസരത്ത് വച്ച് രോഷാകുലരായ ജനക്കൂട്ടം ആക്രമിച്ചു. മുഖ്യപ്രതികളായ റിയാസ് അക്താരിയും, ഗോസ് മുഹമ്മദും ഉൾപ്പെടെ നാല് പേരെ ജൂലൈ 12 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയ്‌ക്ക് അനുകൂലമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട തയ്യൽ ജോലിക്കാരനായ കനയ്യ ലാലിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. വസ്‌ത്രം തയ്‌പ്പിക്കാൻ എന്ന വ്യാജേനയാണ് കൊലപാതകികൾ കടയില്‍ എത്തിയത്. തുടർന്ന് കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതക ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. 'ഞങ്ങളുടെ ദൈവത്തോട് അനാദരവ് കാണിച്ച പ്രതിയെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തിയാകുമ്പോൾ ഈ വീഡിയോ വൈറലാക്കും' എന്ന് പ്രതികളിലൊരാൾ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാമായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ടാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഏകദേശം 10 ദിവസം മുന്‍പ് പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും അക്രമികൾ ഭീഷണി മുഴക്കി. കൊലപാതകത്തിന് ശേഷം ഉദയ്‌പൂരില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.