റായ്‌ബറേലി: ഉത്തർപ്രദേശിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികൾ മുങ്ങി മരിച്ചു. റായ്‌ബറേലിയിലെ ഗഡഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗത കാ പൂർവ ഗ്രാമത്തിലാണ് സംഭവം. ഗഡഗഞ്ച് സ്വദേശികളായ സോനുവിന്‍റെ മകൻ അമിത്, മകൾ സോനം, വിക്രമിന്‍റെ മക്കളായ വൈശാലി, രൂപാലി, ജീതുവിന്‍റെ മകൾ റിതു എന്നിവരാണ് മരിച്ചത്.
ഗഡഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗത പൂർവയിലെ സ്വദേശികളാണ് അഞ്ച് കുട്ടികളും. കുട്ടികളുട നിലവിളികേട്ടാണ് പ്രദേശവാസികൾ ഓടിയെത്തിയത്. കുളത്തിൽ ജലനിരപ്പ് കൂടുതലായതിനാൽ കുട്ടികളെ നീന്തി രക്ഷപ്പെടുത്താൻ ഏറെ പ്രയാസമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്‌തു.
പട്ടാമ്പിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ച സംഭവം : പട്ടാമ്പി വളളൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചിരുന്നു. വളളൂരിൽ താമസിക്കുന്ന കൊടല്ലൂർ മാങ്കൊട്ടിൽ സുബീഷിന്‍റെ മകൻ അശ്വിൻ(12), മലപ്പുറം പേരശന്നൂർ സ്വദേശി സുനിൽകുമാറിന്‍റെ മകൻ അഭിജിത്ത് (13) എന്നിവരാണ് മുങ്ങി മരിച്ചത്.
മെയ് 14ന് ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം. മരിച്ച അശ്വിന്‍റെ കുടുംബം ക്വാട്ടേഴ്‌സിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ഇതേ കെട്ടിടത്തിലാണ് അഭിജിത്തും കുടുംബവും താമസിച്ചിരുന്നത്. ഈ കുളത്തിൽ കുട്ടികൾ സാധാരണ ഇറങ്ങാറുള്ളതായിരുന്നു. പതിവുപോലെ സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. എന്നാൽ സുഹൃത്തുക്കൾ കുളികഴിഞ്ഞ് കയറിയ സമയത്ത് അശ്വിനും അഭിജിത്തും കുളത്തിലെ ചെളിയിൽ കുടുങ്ങിപ്പോവുകയായിരുന്നു.
കുട്ടികൾ ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് പ്രദേശവാസികളെത്തി ഇരുവരെയും രക്ഷിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികൾ മരിച്ചു. ഈ കുളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവമുണ്ടാകുന്നതെന്നാണ് സമീപവാസികൾ പറയുന്നത്.