ചെന്നൈ :കോയമ്പത്തൂർ സ്‌ഫോടനത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. മുഹമ്മദ് താൽക്ക (25), ഉക്കടം സ്വദേശി മുഹമ്മദ് അസ്‌ഹറുദ്ദീൻ(23), ജിഎം നഗർ സ്വദേശി മുഹമ്മദ് റിയാസ്(27), ഫിറോസ് ഇസ്‌മായിൽ (27), മുഹമ്മദ് നവാസ് ഇസ്‌മായിൽ (26) എന്നിവരാണ് പിടിയിലായത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിനുമായി സമ്പർക്കം പുലർത്തിയവരാണ് ഇവർ.
സ്‌ഫോടക വസ്‌തുക്കൾ ശേഖരിച്ചതിലും ആസൂത്രണം ചെയ്‌തതിലും ഇവർക്ക് പങ്കുണ്ടെന്നാണ് സൂചന. സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. എൻഐഎ മുൻപ് ചില തീവ്രവാദ കേസുകളിൽ ബന്ധമുണ്ടെന്ന് സംശയിച്ച് ജമേഷ മുബിനെ ചോദ്യം ചെയ്‌തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സ്‌ഫോടനക്കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും.
ഞായറാഴ്‌ച (ഒക്‌ടോബര്‍ 23) പുലര്‍ച്ചെയാണ് ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം കാറില്‍ കൊണ്ടുപോകുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ജമേഷ മുബിൻ (26) കൊല്ലപ്പെട്ടത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം. സ്‌ഫോടനം നടന്ന ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്‍റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.