ന്യൂഡൽഹി:വന്ദേമിഷൻ ഭാരതിന്‍റെ ഭാഗമായ അഞ്ച് എയർ ഇന്ത്യ പൈലറ്റുമാർ മെയ് മാസത്തിൽ കൊവിഡ് ബാധിച്ച് മരിച്ചതായി എയർ ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം. മുതിർന്ന പൈലറ്റുമാരായ ക്യാപ്‌റ്റൻ ഹർഷ് തിവാരി, ക്യാപ്‌റ്റൻ പ്രസാദ് കർമാകർ, ക്യാപ്‌റ്റൻ സന്ദീപ് റാണ, ക്യാപ്‌റ്റൻ ജി പി എസ് ഗിൽ, ക്യാപ്‌റ്റൻ അമിതേഷ് പ്രസാദ് എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
45 വയസിന് മുകളിൽ പ്രായമുള്ള ജീവനക്കാർക്ക് മുൻഗണന നൽകിയുള്ള മാസ് വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കാൻ എയർ ഇന്ത്യ ഏപ്രിലിൽ തീരുമാനിച്ചിരുന്നു. പിന്നീട് വാക്‌സിനുകളുടെ ലഭ്യതക്കുറവ് മൂലം ക്യാമ്പുകൾ റദ്ദാക്കുകയായിരുന്നു. ഫ്ലൈയിങ് ക്രൂവിന് വാക്സിനേഷൻ നൽകിയില്ലെങ്കിൽ പൈലറ്റുമാർ ജോലി നിര്‍ത്തുമെന്ന് കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐസിപിഎ) എയർ ഇന്ത്യ അധികൃതർക്ക് കത്ത് നൽകിയിരുന്നു .