ചെന്നൈ:തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളിക്ക് ആഴക്കടലില്‍ മീന്‍പിടിക്കുന്നതിനിടെ ഇന്ത്യന്‍ നേവിയുടെ വെടിയേറ്റ് പരിക്ക്. തമിഴ്‌നാട്ടിലെ മയിലാഡുതുരൈ ജില്ലയിലെ വനഗിരി ഗ്രാമത്തിലെ കെ വീരവേലിനാണ് വെടിയേറ്റത്. പാക് കടലിടുക്കില്‍ ഇന്ത്യ ശ്രീലങ്ക അതിര്‍ത്തിയിലാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നടുക്കം രേഖപ്പെടുത്തി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം സംശയകരമായ സാഹചര്യത്തിലാണ് ബോട്ട് കാണപ്പെട്ടതെന്ന് നേവി പ്രതികരിച്ചു. ബോട്ട് നിര്‍ത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്ന് എസ്‌ഒപി അനുസരിച്ച് മുന്നറിയിപ്പ് വെടിയുതിര്‍ക്കല്‍ നടത്തുകയാണ് ചെയ്‌തത്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് നേവിയുടെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
വീരവേലിന് കപ്പലില്‍ പ്രഥമ ശുശ്രൂഷ നല്‍കി. അതിന് ശേഷം നേവിയുടെ ചേതക് ഹെലികോപ്റ്ററില്‍ കരയില്‍ എത്തിച്ച് രാമനാഥപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. അതിന് ശേഷം മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
സംഭവം തന്നെ ഞെട്ടിച്ചു എന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. വീരവേലിന് എല്ലാ ചികിത്സ സഹായവും നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ വീരവേലിന് അനുവദിച്ചിട്ടുണ്ട്.