രാംപൂര്‍: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി വനിതക്ക് തൂക്കുകയര്‍. രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്‌നത്തെയാണ് വധശിക്ഷക്ക് വിധേയയാക്കുന്നത്. കുടുംബത്തിലെ ഏഴ് പേരെ കൂട്ടക്കൊല ചെയ്‌ത കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് തൂക്കുകയര്‍ ഉറപ്പായത്.
2008ല്‍ ഉത്തര്‍പ്രദേശിലാണ് കൂട്ടക്കൊല നടന്നത്. മാതാപിതാക്കളും സഹോദരീ സഹോദരന്‍മാരും മരുമകനുമാണ് ഷബ്‌നത്തിന്‍റെയും കാമുകന്‍റെയും ക്രൂരതക്ക് ഇരയായത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം.
കൊലക്ക് കൂട്ടുനിന്ന കാമുകന്‍ സലീമും വധശിക്ഷ കാത്ത് കഴിയുകയാണ്. ഇരുവരും ദയാഹര്‍ജിയുമായി രാഷ്‌ട്രപതിക്ക് മുന്നില്‍ എത്തിയെങ്കിലും തള്ളുകയായിരുന്നു. ഷബ്‌നം ബരെയ്‌ലിയിലെയും സലീം ആഗ്രയിലെയും ജയിലുകളിലാണ് ശിക്ഷ അനുഭവിക്കുന്നത്.
ഷബ്‌നം ശിക്ഷ അനുഭവിക്കുന്ന ബരെയ്‌ലി ജയില്‍. വധശിക്ഷക്കുള്ള തിയതി തീരുമാനിക്കുന്ന മുറക്ക് ഷബ്‌നത്തെ ഉത്തര്‍പ്രദേശിലെ മധുര ജയിലിലേക്ക് മാറ്റും. അവിടെ വെച്ചാണ് വിധി നടപ്പാക്കുക. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് തന്നെയാകും ഷബ്‌നത്തിന്‍റെയും വധശിക്ഷ നടപ്പാക്കുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവന്‍ മധുര ജയിലിലെത്തിയിരുന്നു. തൂക്കുകയര്‍ ഉള്‍പ്പെടെ വരുത്തിക്കാനുള്ള നടപടികള്‍ ജയില്‍ അധികൃതര്‍ ഇതിനകം ആരംഭിച്ചു. വധശിക്ഷക്കുള്ള ദിവസം തീരുമാനിക്കുന്ന മുറക്ക് വിധി നടപ്പാവും.
1945 നവംബര്‍ 15ന് നാഥുറാം വിനായക് ഗോഡ്‌സെയാണ് ഇന്ത്യയില്‍ ആദ്യമായി വധശിക്ഷക്ക് വിധേയനായത്. അവസാനമായി കഴുമരത്തിലേറ്റിയത് യാക്കൂബ് മേമനായിരുന്നു. മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതിയായ മേമനെ 2015 ജൂലായ് 30ന് നാഗ്‌പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് വധ ശിക്ഷക്ക് വിധേയനാക്കിയത്. ഏറ്റവും അധികം കാലം ജയിലില്‍ കഴിഞ്ഞ ശേഷം തൂക്കിലേറ്റപെട്ട കുറ്റവാളിയാണ് യാക്കൂബ് മേമന്‍.