ന്യൂഡൽഹി : സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയൻ പതാകയുള്ള എംവി ലില നോർഫോക്ക് (MV Lili Norfolk) എന്ന വ്യാപാരക്കപ്പലില്‍ ഉണ്ടായിരുന്ന ഇന്ത്യാക്കാരുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത് വന്നു. തങ്ങളെ രക്ഷിച്ച ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇവര്‍ നന്ദി പറയുകയും ഭാരത് മാതാ കീ ജയ് എന്ന് മുഴക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം (First visuals of Indians rescued from MV Lili Norfolk).
കഴിഞ്ഞ ദിവസമാണ് കപ്പലിലുണ്ടായിരുന്ന പതിനഞ്ച് ഇന്ത്യാക്കാരടക്കമുള്ള 21 ജീവനക്കാരെ ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചത്. ഇന്ത്യൻ നേവിയുടെ മാര്‍ക്കോസ് എന്ന ഉന്നത കമാൻഡോ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. തന്ത്രപ്രധാനമായ ജലപാതകളിലെ വിവിധ കപ്പലുകളുടെ ചലനങ്ങൾ നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടനയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസാണ് (യുകെഎംടിഒ) വ്യാഴാഴ്‌ച എംവി ലില നോർഫോക്ക് എന്ന ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്‌ത വിവരം റിപ്പോർട്ട് ചെയ്‌തത്.
ഐഎൻഎസ് ചെന്നൈയില്‍ നിന്ന് വിന്യസിച്ച ഹെലികോപ്‌റ്റര്‍ ചരക്ക് കപ്പലിന് മുകളിലെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കൊള്ളക്കാര്‍ ഉപേക്ഷിച്ച് പോയതായി സൈനികര്‍ അറിയിച്ചു. അഞ്ച് മുതൽ ആറ് വരെ അജ്ഞാതരായ ആയുധധാരികള്‍ കപ്പലില്‍ പ്രവേശിച്ചതായി യുകെഎംടിഒ പോർട്ടലിൽ സന്ദേശം അയച്ചതായി നാവികസേന (Indian navy) വക്താവ് പറഞ്ഞു.