ചെന്നൈ:കടല്‍വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ പുറത്തിറക്കി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയാണ് (എൻഐഒടി) ബള്‍ബ് വികസിപ്പിച്ചത്. ശനിയാഴ്‌ച(13.08.2022) തീരദേശ കപ്പലായ സാഗര്‍ അന്‍വേഷിക സന്ദര്‍ശന വേളയിലാണ് റോഷിനിയെന്ന ആദ്യ ബള്‍ബ് മന്ത്രി പുറത്തിറക്കിയത്.
ഇലക്‌ട്രോഡുകള്‍ക്കിടയില്‍ കടല്‍ജലം ഇലക്‌ട്രോലൈറ്റായി ഉപയോഗിച്ചാണ് ബള്‍ബുകള്‍ ചാര്‍ജ് ചെയ്യുക. രാജ്യത്തുടനീളം എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നതിനായി 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഉജാല പദ്ധതിക്ക് റോഷിനി ബള്‍ബുകള്‍ കൂടുതല്‍ സഹായകരമാവുമെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. ബള്‍ബ് ചാര്‍ജ് ചെയ്യുന്നതിനായി കടല്‍ വെള്ളത്തിന് പകരം ഉപ്പ് കലര്‍ത്തിയ വെള്ളമോ ഉപയോഗിക്കാം.
അതുകൊണ്ട് തന്നെ കടല്‍ വെള്ളം ലഭിക്കാത്ത ഉള്‍പ്രദേശങ്ങളിലും ഇത്തരം ബള്‍ബുകള്‍ ഉപയോഗിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ഇത് വളരെ ചെലവ് കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഷിനി ബള്‍ബ് കണ്ടുപിടിച്ചതിന് മന്ത്രി എൻഐഒടി സംഘത്തെ അഭിനന്ദിക്കുകയും ഇത്തരത്തിലുള്ള കൂടുതല്‍ ബള്‍ബുകള്‍ വ്യവസായ അടിസ്ഥാനത്തില്‍ നിര്‍മിക്കാനായി ഉപദേശിക്കുകയും ചെയ്‌തു.
തുടര്‍ന്ന് ഭൗമശാസ്‌ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം രവിചന്ദ്രനൊപ്പം ലബോറട്ടറികൾ സന്ദർശിച്ച സിങ് കപ്പലില്‍ പതാക ഉയര്‍ത്തി. കപ്പലിലെ എൻഐഒടിയിലെ മുതിർന്ന ശാസ്‌ത്രജ്ഞരുമായി കൂടിക്കാഴ്‌ച നടത്തിയ അദ്ദേഹം ഡീപ് ഓഷ്യൻ മിഷൻ ഓഫ് ഇന്ത്യ നടപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്‌തു. കടല്‍വെള്ളം കുടിവെള്ളമാക്കി മാറ്റുന്ന എന്‍ഐഒടിയുടെ പദ്ധതിയും മന്ത്രി സന്ദര്‍ശിച്ചു. ഈ കുടിവെള്ള പദ്ധതിയിലൂടെ 1 ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് ഉത്‌പാദിപ്പിക്കുന്നത്.