കൊൽക്കത്ത/ഡിസ്‌പൂർ:രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. പശ്ചിമ ബംഗാളിലെ 30ഉം അസമിലെ 47ഉം മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതാൻ പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത്. പൂർണമായും കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാനായി രണ്ട് സംസ്ഥാനങ്ങളിലെയും പോളിങ് ബൂത്തുകളിൽ കേന്ദ്രസായുധ സേനയെ വിന്യസിച്ചിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് ആദ്യഘട്ടം; പശ്ചിമ ബംഗാളും അസമും ഇന്ന് വിധിയെഴുതും - പശ്ചിമ ബംഗാൾ ആദ്യഘട്ട തെരഞ്ഞെടുപ്പ്
പൂർണമായും കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്താനും ബിജെപി ഭരണം പിടിച്ചെടുക്കാനുമാണ് മത്സരിക്കുന്നത്. നിലവിലുള്ള 30 സീറ്റുകളിൽ 27 എണ്ണവും തൃണമൂൽ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളാണ്. ഇന്നലെ വരെയുണ്ടായിരുന്ന നിശബ്‌ദ പ്രചാരണത്തിലൂടെ അവസാന വോട്ടും സ്വന്തം പെട്ടിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു മുന്നണികൾ. കേന്ദ്ര നേതാക്കളും പ്രധാനമന്ത്രിയുമടക്കം നേരിട്ടെത്തിയായിരുന്നു പശ്ചിമ ബംഗാൾ സർക്കാരിനെതിരെയും മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ പശ്ചിമ ബംഗാൾ ജനത ബിജെപി ഉന്നയിച്ച ആരോപണങ്ങളും നൽകിയ പൊള്ളയായ വാഗ്‌ദാനങ്ങളും തള്ളിക്കളഞ്ഞ് തൃണമൂൽ കോൺഗ്രസിനെ തന്നെ അധികാരത്തിലെത്തിക്കുമെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജി പറയുന്നത്.
അസമിലെ തെരഞ്ഞെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ 27 എണ്ണവും നിലവിൽ ബിജെപി ഭരിക്കുന്നവയാണ്. അസംഗണ പരിഷത്തിന് 8 സീറ്റുകളും കോൺഗ്രസിന് 9 ഉം എഐയുഡിഎഫിന് 2 ഉം ഒരിടത്ത് സ്വതന്ത്രനുമാണ് ശേഷിക്കുന്ന മണ്ഡലങ്ങളിൽ ഭരിക്കുന്നത്. അസമിൽ ആകെയുള്ളത് 126 നിയമസഭ സീറ്റുകളാണ്. ഇതിൽ 100ൽ കൂടുതൽ സീറ്റുകളിൽ വിജയം ഉറപ്പിച്ച് ഭരണം തുടരാൻ ലക്ഷ്യമിടുന്ന ബിജെപിക്കും ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനും ഇന്ന് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പ് നിർണായകമാണ്.