ന്യൂഡല്‍ഹി: ആദ്യത്തെ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്. കസാഖിസ്ഥാന്‍, കിര്‍ഖിസ് റിപ്പബ്ലിക്, തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ മധ്യേഷ്യന്‍ രാജ്യങ്ങളിലെ പ്രസിഡന്‍റുമാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കും. ഓണ്‍ലൈനായി നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആതിഥേയത്വം വഹിക്കുക.
മധ്യേഷ്യയും ഇന്ത്യയും തമ്മില്‍ സമഗ്രമായ ഉറച്ച നയതന്ത്ര ബന്ധം ഉണ്ടാവണമെന്ന ആഗ്രഹത്തിന്‍റെ ഭാഗമായാണ് ഈ ഉച്ചകോടി എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉച്ചകോടിയിലൂടെ മധ്യേഷ്യന്‍ രാജ്യങ്ങളിലേയും ഇന്ത്യയുടേയും നേതൃത്വങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണവും വിശ്വാസവും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
"മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ കുറച്ച്കാലമായി ശ്രമിച്ചുവരികയാണ്. ഇന്ത്യയുടേയും മധ്യേഷ്യയുടേയും പല മേഖലകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള നയം 10 വര്‍ഷം മുമ്പ് നമ്മള്‍ പ്രഖ്യാപിച്ചതാണ്. ഈ ആശയത്തിന് പിന്നിലെ ലക്ഷ്യം ഇന്ത്യയ്ക്ക് ആവശ്യമായ പല ഇന്ധനങ്ങളും അവിടെ നിന്ന് എത്തിക്കുക എന്നുള്ളതാണ്.
ഉദാഹരണത്തിന് കസാഖിസ്ഥാനില്‍ നിന്ന് യുറേനിയം, തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്ന് ഗ്യാസ് തുടങ്ങിയവ.മധ്യേഷ്യയിലെ എല്ലാ രാജ്യങ്ങളുമായും ഇന്ത്യ നല്ലബന്ധം നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. കസാഖിസ്ഥാനുമായും ഉസ്ബെക്കിസ്ഥാനുമായും ഇന്ത്യയ്ക്ക് ഉറച്ച ബന്ധമാണ് ഉള്ളത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യയുടെ ആ രാജ്യത്തെ സ്വാധീനം ഇല്ലാതായ പശ്ചാത്തലത്തില്‍ നമ്മളെ സംബന്ധിച്ചിടത്തോളം മധ്യേഷ്യന്‍ രാജ്യങ്ങളുമായും ഇറാനുമായും ഉറച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുക പ്രധാനമായി തീര്‍ന്നിരിക്കുകയാണ്", ഇന്ത്യയുടെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ അചല്‍ മല്‍ഹോത്ര ഇ.ടി.വി.ഭാരതിനോട് പറഞ്ഞു.
മധ്യേഷ്യയില്‍ ഇന്ത്യ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ചൈന ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നയതന്ത്ര ബന്ധത്തിന്‍റെ മുപ്പത് വര്‍ഷം കുറിച്ചുകൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ച , ചൈന മധ്യേഷ്യന്‍ രാജ്യങ്ങളുമായി ഉച്ചകോടി നടത്തി.
ആ ഉച്ചകോടിയില്‍ മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക് സമൂഹ്യപരമായി പ്രാധാന്യമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ടി 500 ദശലക്ഷം കോടി അമേരിക്കന്‍ ഡോളറിന്‍റെ സംഭാവനയാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ചൈനയുടെ നയതന്ത്ര ചുവട്‌വെപ്പായിരുന്നു ഈ ഉച്ചകോടി.
നിലവില്‍ മധ്യേഷ്യയില്‍ ചൈനയുമായി നേരിട്ട് മത്സരിക്കുന്ന രീതിയിലേക്ക് ഇന്ത്യ പോകുന്നില്ല. എന്നാല്‍ മധ്യേഷ്യയില്‍ ചൈനയുടെ സ്വാധീനം നാള്‍ക്ക് നാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുടേയും താല്‍പ്പര്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തീര്‍ച്ചയായും ഉണ്ടാകും.